തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന കാര്യോപദേശകസമിതി തീരുമാനം സഭയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ചോർന്നതിനെ ചൊല്ലി ഭരണ- പ്രതിപക്ഷ തർക്കം.
സ്പീക്കറുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് അംഗങ്ങൾക്ക് സ്പീക്കർ നൽകുന്നത് പോലും സ്വകാര്യമായിട്ടായിരിക്കണമെന്നാണ് ചട്ടമെന്നും, എന്നാൽ കാര്യോപദേശകസമിതി യോഗം തീർന്നപാടേ മന്ത്രി എ.കെ. ബാലൻ തീരുമാനം വെളിപ്പെടുത്തിയെന്നും എം. ഉമ്മർ ക്രമപ്രശ്നമുന്നയിച്ചു. എന്നാൽ, താൻ തീരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ താനും പ്രതിപക്ഷനേതാവും നടത്തിയ പരാമർശങ്ങൾ പരിശോധിച്ച് സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
മധു ദന്തവതെ അടക്കമുള്ള പ്രഗൽഭർക്കൊപ്പം പാർലമെന്റിൽ പ്രവർത്തിച്ചിട്ടുള്ള താൻ അല്പമൊക്കെ പാർലമെന്ററിനനടപടിക്രമങ്ങളെയും ചട്ടങ്ങളെയും പഠിക്കാൻ ശ്രമിച്ചിട്ടുള്ളയാളാണ്. കാര്യോപദേശകസമിതി തീരുമാനം പുറത്ത് പറയരുതെന്നത് കർശനമായി പാലിക്കാനറിയാം. യോഗം കഴിഞ്ഞ് എ.കെ.ജി സെന്ററിലേക്ക് പോയ തന്നോട് ദൃശ്യമാദ്ധ്യമങ്ങൾ പ്രതികരണമാരാഞ്ഞപ്പോൾ സർക്കാർ നിലപാട് പറയുക മാത്രമാണുണ്ടായത്. കാര്യോപദേശകസമിതി എന്നൊരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് വള്ളിപുള്ളി വിടാതെ യോഗത്തിൽ നടന്നത് പറഞ്ഞു. പത്രങ്ങളിൽ വന്ന ലേഖനത്തിലും അദ്ദേഹം എല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങൾ പഠിച്ച് പറയാറുള്ള ഉമ്മർ ഇപ്പോൾ ചെയ്തത് അപ്പം കൊടുത്ത് പിണ്ണാക്ക് വാങ്ങലാണെന്നും മന്ത്രി ബാലൻ പറഞ്ഞു.
കാര്യോപദേശകസമിതി തീരുമാനം പുറത്ത് പറയരുത് എന്നതിനാലാണ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങൾ വന്ന് ചോദിച്ചിട്ടും ആദ്യം താൻ പ്രതികരിക്കാതിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ തൊട്ടുപിന്നാലെ മന്ത്രി ബാലൻ അവിടെ നടന്നതെല്ലാം അപ്പടി പറയുന്നതാണ് കണ്ടത്. അത് കണ്ടതോടെ പ്രതിപക്ഷനിലപാട് പറയാൻ താൻ നിർബന്ധിതനാണെന്ന് സ്പീക്കറെ വിളിച്ചറിയിച്ചു. അതനുസരിച്ചാണ് പ്രതികരിച്ചത്. അല്ലാത്ത പക്ഷം തങ്ങളുടെ നിലപാട് ജനങ്ങളറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരണങ്ങളുടെ വീഡിയോ ക്ലിപ്പിംഗുകൾ പരിശോധിച്ച് ഇന്ന് റൂളിംഗ് നൽകാമെന്ന് സ്പീക്കർ അറിയിച്ചു.