തിരുവനന്തപുരം: മുസ്ലിം ലീഗ് മുൻ ദേശീയ പ്രസിഡന്റും ഐ.എൻ.എൽ സ്ഥാപകനുമായ ഇബ്രാഹിം സുലൈമാൻ സേട്ടിനെ ഇ.എം.എസ് നമ്പൂതിരിപ്പാട് മതപരമായി അവഹേളിച്ചു സംസാരിച്ചുവെന്ന ലീഗ് അംഗം എൻ.എ. നെല്ലിക്കുന്നിന്റെ പരാമർശം നിയമസഭയിൽ ബഹളത്തിന് കാരണമായി. പരാമർശത്തെ ഭരണപക്ഷ അംഗങ്ങൾ എതിർത്തതോടെയാണ് ഗവർണറുടെ നന്ദിപ്രമേയ ചർച്ച ബഹളത്തിൽ മുങ്ങിയത്. ഇബ്രാഹിം സുലൈമാൻ സേട്ടിനെ സി.പി.എം ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അതിന് കാരണം അദ്ദേഹത്തിന്റെ താടിയും തൊപ്പിയും ആയിരുന്നെന്നും പറഞ്ഞു തുടങ്ങിയ നെല്ലിക്കുന്ന്, ശരീഅത്ത് നിയമം അനുസരിച്ച് ജീവിക്കണമെങ്കിൽ സേട്ട് പാക്കിസ്ഥാനിൽ പോകണമെന്ന് ഇ.എം.എസ് പ്രസംഗിച്ചതായി പറഞ്ഞു. സേട്ടിനെതിരെ ഇം.എം.എസ് പ്രസംഗിച്ചത് എന്നാണെന്ന് ചോദിച്ചുകൊണ്ട് എം. സ്വരാജ്, വി.വി. രാജേഷ്, എ.എം. ഷംസീർ, എം.നൗഷാദ് തുടങ്ങിയവർ ബഹളവുമായി എഴുന്നേറ്റു. 1985 മാർച്ച് 15ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്തിയ പ്രസംഗമാണെന്നും 'ദേശാഭിമാനി'യിൽ ഇതു സംബന്ധിച്ച വാർത്തയുണ്ടെന്നും നെല്ലിക്കുന്ന് പറഞ്ഞു. ഇ.എം.എസിനെതിരായ പരാമർശങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയാൽ അത് വലിച്ച് കീറി കത്തിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഉചിതമായ നടപടിയുണ്ടാകുമെന്ന് സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞപ്പോഴാണ് ബഹളം ശമിച്ചത്.