തിരുവനന്തപുരം: അശരണരെയും ആലംബഹീനരെയും എല്ലാക്കാലവും താങ്ങി നിറുത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അശരണരെ എങ്ങനെ പരിരക്ഷിക്കണമെന്നതിൽ കേരളത്തിന്റെ മാതൃക മഹനീയമാണ്. അതേപാതയിലാണ് എസ്.എം.എസ്.എസ് ഹിന്ദു മഹിളാമന്ദിരവും പ്രവർത്തിക്കുന്നത്. ഹിന്ദു മഹിളാ മന്ദിരത്തിന്റെ നൂറ് വർഷത്തെ മാനവസേവനത്തിന്റെ സവിശേഷത അതിലെ മാതൃസ്‌പർശമാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാമന്ദിരത്തെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും അതിനാൽ സമൂഹത്തിലെ സമ്പന്നരും സുമനസുകളും എല്ലാവിധ സഹായങ്ങളും നൽകണമെന്നും ചടങ്ങിൽ അദ്ധ്യക്ഷയായ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മഹിളാമന്ദിരത്തിന്റെ ശതാബ്ദി പുരസ്‌കാരം ശെൽവിക്ക് ഗവർണർ സമ്മാനിച്ചു. അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മി ബായ്,​ പ്രസിഡന്റ് കെ.വൈ. രാധാലക്ഷ്‌മി എന്നിവർ ആശംസകൾ നേർന്നു. ഹിന്ദു മഹിളാമന്ദിരം സെക്രട്ടറി എം. ശ്രീകുമാരി സ്വാഗതവും ജോയിന്റ് സെക്രട്ടറി മീനാ രമേഷ് നന്ദിയും പറഞ്ഞു. 1920ൽ വിദ്യാഭ്യാസ പ്രവർത്തകയായിരുന്ന കെ. ചിന്നമ്മ ആരംഭിച്ച ഇന്ത്യയിലെ കുട്ടികളുടെ പ്രഥമ സംരക്ഷണകേന്ദ്രമാണ് എസ്.എം.എസ്.എസ് മഹിളാ മന്ദിരം. അശരണരായ കുട്ടികൾക്കും വൃദ്ധർക്കും സംരക്ഷണം നൽകുന്നതോടൊപ്പം അവരെ സ്വയംപര്യാപ്‌തതരാക്കുന്നതിനായി വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും ഇവിടെ നൽകുന്നു.