തിരുവനന്തപുരം: അടുത്ത തീർത്ഥാടനകാലം മുതൽ ശബരിമലയിൽ വെർച്വൽക്യൂ ബുക്കിംഗ് സംവിധാനം പൂർണതോതിൽ ഏർപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അംഗീകരിച്ചാൽ മാർച്ച് 15 ഒാടെ ഈ സംവിധാനം ഏർപ്പെടുത്തും. ശബരിമല സുരക്ഷാ അവലോകനയോഗത്തിലാണ് പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. സർക്കാർ അംഗീകരിച്ചാൽ വെർച്വൽക്യൂവിനായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുളള അഞ്ചംഗ ഉന്നതതല സംഘം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ഇക്കാര്യത്തിൽ അവിടത്തെ അധികൃതരുടെ സഹായം തേടും. ആവശ്യമാണെങ്കിൽ സംസ്ഥാന പൊലീസ് മേധാവിയും മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. പാർക്കിംഗ് സംവിധാനം, ഗതാഗത സംവിധാനം മെച്ചപ്പെടുത്തൽ, ഭക്തരെ നിയന്ത്രിക്കൽ, സുരക്ഷാസംവിധാനം ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചർച്ച ചെയ്തു. എ.ഡി ജി.പിമാരായ ടോമിൻ.ജെ.തച്ചങ്കരി, ഡോ. ഷേക്ക് ദർവേഷ് സാഹേബ്, മനോജ് എബ്രഹാം എന്നിവരും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.