novak

കുടിയില്ല, വലിയില്ല, മറ്റ് ദുശീലങ്ങളൊന്നുമില്ല. പക്ഷേ 24 മണിക്കൂറും ടെന്നിസ് കളിച്ച് തമാശയും കാട്ടി നടക്കുകയാണ് കക്ഷി. കഴിഞ്ഞ രാത്രി മെൽബണിൽ തന്റെ എട്ടാം ആസ്ട്രേലിയൻ ഒാപ്പൺ നേടി ചരിത്രം സൃഷ്ടിച്ച നൊവാക്ക് ജോക്കോവിച്ച് എന്ന സെർബിയക്കാരൻ കൗതുകം നിറഞ്ഞ ജീവിത ശൈലിക്ക് ഉടമയാണ്. മറ്റു പല താരങ്ങളും പണത്തിന്റെ പ്രഭയിൽ സ്വയം മറക്കുമ്പോൾ കുടുംബ ബന്ധങ്ങളിലും വെജിറ്റേറിയൻ ഭക്ഷണരീതിയിലും യോഗാ മുറകളിലുമൊക്കെ ആനന്ദം കണ്ടെത്തുകയാണ് ജോക്കർ എന്ന വിളിപ്പേരിൽ കൂടി അറിയപ്പെടുന്ന ജോക്കോ.

ജോക്കോയുടെ ജീവിതത്തിലെയും കരിയറിലെയും കൗതുകങ്ങളെക്കുറിച്ച്.

1990 കളിൽ യുദ്ധം കീറിമുറിച്ച സെർബിയയിലെ ബെൽഗ്രേഡിൽ ഒരു നേരത്തെ ഭക്ഷണത്തിനും വെള്ളത്തിനും പാലിനുമൊക്കെ വേണ്ടി മണിക്കൂറുകൾ ക്യൂ നിന്നിട്ടുണ്ട് നൊവാക്ക്. അന്നത്തെ വേദനകളാണ് തന്നെ പോരാളിയാക്കി മാറ്റിയതെന്ന് ഇൗ 32 കാരൻ പറയും

ആഹാരത്തിന് വേണ്ടിയുള്ള വിശപ്പായിരുന്നു അന്നെങ്കിൽ ഇപ്പോൾ വിജയത്തിന് വേണ്ടിയുള്ള വിശപ്പാണ് ഇപ്പോൾ.

ഞാൻ ഒന്നുമില്ലായ്മയിൽനിന്ന് വന്നവനാണ്. കളിക്കളത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഒന്നോർക്കും അതോടെ ഏത് വെല്ലുവിളിയും നേരിടാനുള്ള ആത്മധൈര്യം ലഭിക്കും. മെൽബണിൽ ഇത് പറയുമ്പോൾ ജോക്കോയുടെ മിഴികൾ നനവാർന്നിരുന്നു.

അതിരാവിലെ ഉറക്കമെണീക്കും. കുടുംബത്തോടൊപ്പം സൂര്യോദയം ആസ്വദിക്കും. പിന്നെ രണ്ട് മക്കൾക്കും ഭാര്യയ്ക്കും ആശ്ളേഷങ്ങളും ചുംബനങ്ങളും വാരിവിതറും. പിന്നീട് യോഗ. ഇങ്ങനെയാണ് നൊവാക്കിന്റെ ഒരുദിനം തുടങ്ങുന്നത്.

സസ്യങ്ങളെ ആശ്രയിക്കുന്ന കായികതാരം ഇങ്ങനെയാണ് ജോക്കോ സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നാലരവർഷമായി ശുദ്ധ സസ്യാഹാരിയാണ് ജോക്കോ. പേശികൾക്ക് ശക്തി കിട്ടാനും പരിക്കിൽ നിന്ന് വേഗം മോചിതനാകാനും സസ്യഭക്ഷണമാണ് ഏറ്റവും ബെസ്റ്റെന്ന് നൊവാക്ക് പറയും.

മരങ്ങളോടുള്ള ഇഷ്ടത്തിൽ ജോക്കോ വേറെ ലെവലാണ്. ആസ്ട്രേലിയൻ ഒാപ്പൺ വിജയിച്ചുകഴിഞ്ഞ് നേരെ പോയത് മെൽബണിലെ ബൊട്ടാണിക്കൽ ഗാർഡനിലേക്ക്. അവിടെയുള്ള കൂറ്റൻ ബ്രൂസീലിയൻ അത്തിമരം തന്റെ അടുത്ത സുഹൃത്താണെന്നാണ് വിശേഷിപ്പിച്ചത്. ആ മരത്തിൽ വലിഞ്ഞുകയറിയാണ് വിനോദ വേളകൾ ആനന്ദകരമാക്കുന്നത്.

ബെൽഗ്രേഡിൽ ഉപയോഗ ശൂന്യമായ ഒരു നീന്തൽക്കുളത്തിലാണ് നൊവാക്ക് ടെന്നിസ് കളി തുടങ്ങിയത്. ഇപ്പോൾ ലോകത്തെ സമ്പന്നമാരുടെ കേന്ദ്രമായ മോണ്ടികാർലോയിലാണ് സ്ഥിരതാമസം.

ധ്യാനത്തിലൂടെയാണ് നൊവാക്ക് വിജയങ്ങൾക്കായുള്ള ഉൗർജ്ജം സംഭരിക്കുന്നത്. സ്പെയ്ൻകാരനായ പെപെ ഇമാസാണ് യോഗാ ഗുരു.

നൊവാക്ക് കായിക രംഗത്തെ പ്രചോദകനായി കണ്ടത് അമേരിക്കൻ ബാസ്‌കറ്റ്ബാൾ ഇതിഹാസം കോബി ബ്രയാന്റിനെയാണ്. കോബിയുടെ മരണവാർത്ത ആസ്ട്രേലിയൻ ഒാപ്പണിനിടെയാണ് ജോക്കോയെ തേടിയെത്തിയത്. തുടർന്നുള്ള മത്സരങ്ങളിൽ കോബിയെ അനുസ്മരിപ്പിച്ച് കെ.ബി. എന്നീ അക്ഷരങ്ങൾ കുറിച്ച ജഴ്സിയണിഞ്ഞാണ് കളിച്ചത്.

ജോക്കോ സ്ളാം

17 ഗ്രാൻസ്ളാം കിരീടങ്ങളാണ് ജോക്കോവിച്ച് ഇതുവരെ നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള ഫെഡറേക്കാൾ മൂന്നെണ്ണം മാത്രം കുറവ്. നദാലിനേക്കാൾ രണ്ടെണ്ണം കുറവ്

32-ാം വയസിലാണ് നൊവാക്ക് 17-ാം കിരീടത്തിലെത്തിയത്. ഫെഡറർക്കും നദാലും നൊവാക്കിന്റെ പ്രായത്തിൽ 17 കിരീടങ്ങളിൽ എത്താൻ കഴിഞ്ഞിരുന്നില്ല.

8 ആസ്ട്രേലിയൻ ഒാപ്പൺ

2008, 2011, 2012, 2013, 2015, 2016, 2019, 2020

1. ഫ്രഞ്ച് ഒാപ്പൺ

2016

2 യു.എസ് ഒാപ്പൺ

2011, 2015, 2018

5 വിംബിൾഡൺ

2011, 2014, 2015, 2018, 2019.

5

ഇത് അഞ്ചാം തവണയാണ് നൊവാക്ക് ഒന്നാം റാങ്കിലെത്തുന്നത്. 276 ആഴ്ചകൾ നൊവാക്ക് ഇതിനുമുമ്പ് ഒന്നാം റാങ്ക് അലങ്കരിച്ചിട്ടുണ്ട്. ഫെഡറർ (310 ആഴ്ചകൾ), പീറ്റ് സാംപ്രസ് (286 ആഴ്ചകൾ) എന്നിവർ മാത്രമാണ് നൊവാക്കിനേക്കാൾ കൂടുതൽകാലം ഒന്നാം റാങ്കിന് അവകാശിയായിരുന്നത്.

ഞാൻ കുടിക്കില്ല ആൽക്കഹോൾ എനിക്ക് ഇഷ്ടമല്ല. ചിലപ്പോൾ എന്റെ ചേട്ടൻ കുടിക്കുമായിരിക്കും." എന്നാണ് മദ്യപിക്കാറുണ്ടോ എന്ന ഒരു പത്രക്കാരന്റെ ചോദ്യത്തിന് നൊവാക്ക് നൽകിയ മറുപടി.

കളിക്കളത്തിലും പുറത്തും തമാശകളും ഗോഷ്ടികൾ കാട്ടാനും ഒരുമടിയുമില്ല. ബാൾ ബോയ്സിനൊപ്പം പഴം കഴിക്കാനും അവരെ കോർട്ടിൽ കളിപ്പിക്കാനുമൊക്കെ കുസൃതിക്കാരനായി ഒപ്പം കൂടുന്നു.

പുതുവർഷം തുടങ്ങിയത് വളരെ വേദനിപ്പിക്കുന്ന സംഭവങ്ങളുമാണ്. ആസ്ട്രേലിയയിലെ കാട്ടുതീ നിരവധി ജീവജാലങ്ങളെ നശിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷങ്ങളും മഹാമാരികളും പടരുന്നു. എന്റെ ജീവിതത്തോട് ഏറ്റവും ചേർത്തുനിറുത്തിയിരുന്ന കോബി ബ്രയാന്റും മകളും അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞിരിക്കുന്നു. എപ്പോഴെത്തേയുംകാൾ നമ്മൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന ഒാർമ്മപ്പെടുത്തലുകളാണ് ഇതെല്ലാം-നൊവാക്ക് ജോക്കോവിച്ച്.