തിരുവനന്തപുരം: മറ്റ് വിഭാഗക്കാരുടെ ക്ഷേമനിധിയും പെൻഷനും കൃത്യമായി വർദ്ധിപ്പിക്കുമ്പോൾ വക്കീൽ ഗുമസ്തന്മാരുടെ പെൻഷനും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ആവശ്യപെട്ടു. ക്ഷേമനിധിയും പെൻഷനും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വക്കീൽ ഗുമസ്തന്മാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച ബില്ല് നിയമസഭയിൽ കൊണ്ടുവരാൻ രാഷ്ട്രീയമായി സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പി. രാഘവൻ, മുൻ പ്രസിഡന്റ് കെ. പ്രകാശൻ, വൈസ് പ്രസിഡന്റ് പി. രാജ്‌മോഹൻ, ട്രഷറർ പി. രാജൻ, വി. രവീന്ദ്രൻ, പി.വി. സന്തോഷ്, വി.ജി. മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി ബോർഡിന് ഗ്രാന്റ് അനുവദിക്കുക, കോടതിയുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ ഗുമസ്തന്മാരെയും ഉൾപ്പെടുത്തുക, ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, മെഡിക്ലൈയിം ആനുകൂല്യം സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ധർണ.