മാനന്തവാടി: കുറുവ ദ്വീപിനടുത്ത് കുറുക്കൻമൂല കളപ്പുര ആദിവാസി കോളനിയിലെ പാറ്റയുടെ മകൾ ശോഭയെ (28) വീടിനു സമീപത്തെ വയലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൂലിപ്പണിക്കാരിയായ യുവതിയെ ഞായറാഴ്ച രാത്രി കാണാതാവുകയായിരുന്നു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ പുല്ലരിയാൻ എത്തിയവരാണ് ജഡം കണ്ടത്. വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് സംശയമുണ്ട്.ശോഭയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. ഭർത്താവ് സുരേഷ് ഉപേക്ഷിച്ചുപോയി. രണ്ട് മക്കളുമായി അമ്മയൊന്നിച്ചായിരുന്നു താമസം. സഹോദരങ്ങളുമുണ്ട് വീടിനടുത്ത്.

അയൽപക്കത്തെ കളപ്പുര ജിനുവിന്റെ വയലിലാണ് മരിച്ച നിലയിൽ കണ്ടത്. മദ്യപിക്കുന്ന ശീലമുള്ള ശോഭ ഞായറാഴ്ചയും മദ്യപിച്ചിരുന്നതായി പറയുന്നു. രാത്രി പത്ത് മണിയോടെയാണ് കാണാതായത്.മക്കൾ: അല്ലു (ഒൻപതാം ക്ലാസ് വിദ്യാർത്ഥി), അർജുൻ (ഏഴാം ക്ലാസ് ).