rohit-injury
rohit injury

പരിക്കേറ്റ രോഹിത് ശർമ്മ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കില്ല

ആദ്യ ഏകദിനം നാളെ ഹാമിൽട്ടണിൽ

ഹാമിൽട്ടൺ : ന്യൂസിലൻഡിനെതിരായ അഞ്ച് ട്വന്റി 20 കളുടെ പരമ്പര തൂത്തുവാരിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത ആഘാതമായി ഉപനായകൻ രോഹിത് ശർമ്മയുടെ പരിക്ക്. അഞ്ചാം ട്വന്റി 20 മത്സരത്തിനിടെ കാൽവണ്ണയ്ക്ക് പരിക്കേറ്റ രോഹിതിന് ഇനി നടക്കാനുള്ള മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ടെസ്റ്റുകളുടെയും പരമ്പരയിൽ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ തന്നെയാണ് അറിയിച്ചിരിക്കുന്നത്. നാളെ ഹാമിൽട്ടണിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

മൗണ്ട് മൗംഗാനൂയിയിലെ അഞ്ചാം ട്വന്റി 20യിൽ കൊഹ്‌ലിക്ക് വിശ്രമം നൽകിയപ്പോൾ ഇന്ത്യയെ നയിച്ചത് രോഹിതാണ്. അർദ്ധ സെഞ്ച്വറി നേടിയ ശേഷമാണ് രോഹിതിന്റെ പരിക്ക് വിഷയമായത്. ഒാടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട രോഹിത് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വീണ്ടും ബാറ്റ് ചെയ്യാൻ തയ്യാറായി. എന്നാൽ ഒരു സിക്‌സ് കൂടി പറത്തിയശേഷം ബാറ്റിംഗ് തുടരാനാകാതെ പവിലിയനിലേക്ക് തിരിച്ചുനടക്കുകയായിരുന്നു. 41 പന്തുകളിൽ 60 റൺസാണ് രോഹിത് നേടിയിരുന്നത്.

ടീം ഫിസിയോ രോഹിതിന്റെ പരിക്ക് കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ബി.സി.സി .ഐ വൃത്തങ്ങൾ അറിയിച്ചു. വിശദമായ ചികിത്സയ്ക്ക് രോഹിതിനെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബി.സി.സി.ഐ ഉന്നതർ തീരുമാനിക്കും. ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് വിരമിച്ചതോടെ പകരക്കാരെ പ്രഖ്യാപിക്കാനും ബി.സി.സി.ഐ ഇടപെടൽ വേണം.

രോഹിതിന്റെ നഷ്ടം ഒാപ്പണിംഗിനെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സ്ഥിരം ഒാപ്പണർ ശിഖർ ധവാൻ പരിക്കുമൂലം ടീമിലില്ല. പരിചയ സമ്പന്നനായ ഒാപ്പണറായി കെ.എൽ. രാഹുൽ മാത്രമാണുള്ളത്. ധവാന് പകരക്കാരനായി യുവതാരം പൃഥ്വി ഷായെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രോഹിതിന് പകരം മായാങ്ക അഗർവാൾ, ശുഭ്‌‌മാൻ ഗിൽ എന്നിവരിലൊരാൾ എത്താനാണ് സാദ്ധ്യത. ഇരുവരും ന്യൂസിലൻഡിൽ ഇന്ത്യ എയ്ക്കുവേണ്ടി കളിക്കുകയാണ്. കഴിഞ്ഞദിവസം ശുഭ്‌‌മാൻ ഗിൽ ചതുർദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

ഇന്ത്യൻ ഏകദിന ടീം

വിരാട കൊഹ്‌ലി (ക്യാപ്ടൻ), ജസ്‌പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ, ശിവം ദുബെ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, കേദാർ യാദവ്, കുൽദീപ് യാദവ്, ഷമി, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ, നവ്ദീപ് സെയ്നി, പൃഥ്വി ഷാ, ശാർദൂൽ താക്കൂർ

.

140

റൺസാണ് കിവീസിനെതിരായ നാല് ട്വന്റി 20 കളിൽനിന്ന് രോഹിത് ശർമ്മ നേടിയത്. രണ്ട് അർദ്ധ സെഞ്ച്വറികൾ. മൂന്നാം മത്സരത്തിലെ സൂപ്പർ ഒാവറിലെ അവസാന രണ്ട് പന്തുകൾ സിക്സിന് പറത്തി ഇന്ത്യയക്ക് ജയം നൽകിയത് രോഹിതാണ്.

സഞ്ജുവിന് മുന്നിൽ ഇനി?

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ കളിക്കാൻ അവസരം കിട്ടിയിട്ടും തിളങ്ങാൻ കഴിയാതെ മലയാളിതാരം സഞ്ജു സാംസൺ. നാലാം ട്വന്റി 20യിൽ സിക്‌സടിച്ചതിന് പിന്നാലെ പുറത്തായെങ്കിൽ അവസാന അവസരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് രണ്ട് റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഇതോടെ സഞ്ജുവിന് ഇനി എപ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയും എന്ന ആശങ്കയിലാണ് ആരാധകർ

കഴിഞ്ഞ നാല് ട്വന്റി 20 പരമ്പരകളിലായി പകരക്കാരന്റെ വേഷത്തിൽ സഞ്ജു ഇന്ത്യൻ ടീമിലുണ്ട്. 14 മത്സരങ്ങളിൽ ആകെ ലഭിച്ചത് മൂന്ന് ചാൻസ് മാത്രം. അത് 6,6,2 എന്നിങ്ങനെ നിരാശാജനകമായ മടക്കം.

ഇനി ഇന്ത്യ കിവീസിൽ ഏകദിനങ്ങളും ടെസ്റ്റും കളിക്കുമ്പോൾ സഞ്ജുവിന് സ്ഥാനമുണ്ടാകാൻ ഇടയില്ല. മാർച്ചിൽ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് എത്തുമ്പോഴും പരിഗണിക്കലുണ്ടാവില്ല. തുടർന്ന് ഐ.പി.എല്ലിൽ മികവ് കാട്ടിയാലേ ഒക്ടോബറിലെ ട്വന്റി 20 ലോകകപ്പിൽ പകരക്കാരനായെങ്കിലും ടീമിൽ ഇടം പിടിക്കുകയുള്ളൂ.

അഞ്ചാം ട്വന്റി 20 യിൽ ബാറ്റിംഗിൽ തിളങ്ങാനായില്ലെങ്കിലും ബൗണ്ടറി ലൈനിനരികിൽ സിക്സെന്നുറപ്പിച്ച പന്ത് പറന്ന് ഫീൽഡ് ചെയ്ത് സഞ്ജു ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയ്ക്ക് പിഴ

ദുബായ് : മൗണ്ട് മൗംഗാനൂയിലെ അഞ്ചാം ട്വന്റി 20യിലും കുറഞ്ഞ ഒാവർ നിരക്കിന് ഇന്ത്യൻ ടീമിന് പിഴയിട്ട അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കളിക്കാരുടെ മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ. നാലാം ട്വന്റി 20യിലും ഇന്ത്യയ്ക്ക് പിഴ ലഭിച്ചിരുന്നു.

രാഹുൽ രണ്ടാം റാങ്കിൽ

ദുബായ് : ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ അതിഗംഭീര പ്രകടനത്തോടെ കെ.എൽ. രാഹുൽ ഐ.സി.സി. ട്വന്റി 20 ബാറ്റ്‌സ്‌മാൻ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാം റാങ്കിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌‌ലി ഒൻപതാം റാങ്കിലും രോഹിത് ശർമ്മ പത്താം റാങ്കിലുമാണ്.

ശ്രേയസ് (55), മനീഷ് പാണ്ഡെ (58) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റ്സ‌്മാൻമാരുടെ റാങ്കിംഗ്.

ബൗളിംഗിൽ ബുംറ 11-ാം റാങ്കിലും ചഹൽ 30-ാം റാങ്കിലും ശാർദ്ദൂൽ 57-ാം റാങ്കിലുമാണ്.