തിരുവനന്തപുരം: ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാദ്ധ്യതകളാണെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കേരള ഷൂട്ടിംഗ് അക്കാഡമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂ ജനറേഷൻ ഇപ്പോൾ ഏറെ താത്പര്യമെടുക്കുന്ന ഷൂട്ടിംഗ് ലോക കായികവേദികളിൽ രാജ്യത്തിന് തിളങ്ങാനാവുന്ന ഇനമാണ്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മത്സരവേദികൾ ലക്ഷ്യമാക്കി ലോകോത്തര പരിശീലനം നൽകാൻ ഷൂട്ടിംഗ് അക്കാഡമിയിൽ സൗകര്യങ്ങളുണ്ട്. 1000 കോടി രൂപയാണ് കായികരംഗത്തെ വികസനത്തിന് സർക്കാർ വിനിയോഗിക്കുന്നത്. 44 ആധുനിക മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിൽ 23 എണ്ണം പൂർത്തീകരിച്ചു. 33 നീന്തൽക്കുളങ്ങൾ നിർമാണത്തിലാണ്. മറ്റനേകം സൗകര്യങ്ങളാണ് കായികരംഗത്ത് ഒരുക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് കലികേശ് നാരായൺ സിംഗ് ദിയോ മുഖ്യാതിഥിയായിരുന്നു.

 ആധുനിക സൗകര്യങ്ങൾ

വട്ടിയൂർക്കാവ് ഷൂട്ടിംഗ് അക്കാഡമിയിൽ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ആധുനിക ഹൈബ്രിഡ് ഇലക്ട്രോണിക് ടാർജറ്റ് സിസ്റ്റം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 3875 ചതുരശ്രമീറ്റർ കെട്ടിടവും 5252 ചതുരശ്രമീറ്റർ ഷൂട്ടിംഗ് ഏരിയയും ഉള്ള ഈ റേഞ്ചിൽ 10 മീറ്റർ റേഞ്ചിൽ 60 പേർക്കും 20 മീറ്റർ, 50 മീറ്റർ റേഞ്ചുകളിൽ 40 പേർക്കും ഒരേ സമയം പരിശീലനം നടത്താം. 3.5 ഏക്കർ സ്ഥലത്താണ് ഷൂട്ടിംഗ് റേഞ്ച് നിർമ്മിച്ചിട്ടുള്ളത്. പ്രവേശനം ലഭിക്കാനുള്ള കുറഞ്ഞ പ്രായം 10 വയസാണ്. ഒരു ബാച്ചിൽ 90 പേർക്ക് പ്രവേശനം നൽകും.