. ബാഴ്സലോണ 2-1ന് ലെവാന്റെയെ തോൽപ്പിച്ചു
. അൻസു ഫറ്റിക്ക് ഒന്നര മിനിട്ട് വ്യത്യാസത്തിൽ ഇരട്ടഗോൾ
മാഡ്രിഡ : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രിനടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെവാന്റെയെ കീഴടക്കിയ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ പോയിന്റ പട്ടികയിൽ രണ്ടാംസ്ഥാനത്ത് തുടരുന്നു.
കൗമാര താരം അൻസുഫറ്റിയാണ് ബാഴ്സയ്ക്കുവേണ്ടി രണ്ട് ഗോളുകളും നേടിയത്. ഒന്നര മിനിട്ടിന്റെ ഇടവേളയിലായിരുന്നു അൻസുവിന്റെ രണ്ട് ഗോളുകളും. ഇവയ്ക്ക് വഴിയൊരുക്കിയത് സീനിയർ താരം ലയണൽ മെസിയും.
30-ാം മിനിട്ടിലായിരുന്നു അൻസുവിന്റെ ആദ്യഗോൾ. അതിന്റെ ആരവമടങ്ങും മുമ്പേ അടുത്ത ഗോളും വീണു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കവേയാണ് ലെവാന്റെ ആശ്വാസ ഗോൾ നേടിയത്. റോച്ചിനയാണ് ഇൻജുറി ടൈമിൽ ബാഴ്സയുടെ വലയിൽ പന്തുകയറ്റി വിട്ടത്.
21-ാം നൂറ്റാണ്ടിൽ ബാഴ്സയ്ക്ക് വേണ്ടി ഇരട്ടഗോളുകൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ (17 വർഷവും 94 ദിവസവും) താരമാണ് അൻസു ഫറ്റി. 2010 ൽ റയൽ സരഗോസയ്ക്കെതിരെ ഡബിളടിച്ച യുവാൻ മി ജിമിനെസിന് ശേഷം ഇൗ നേട്ടത്തിലെത്തുന്ന താരമാണ് അൻസു.
ഇൗ വിജയത്തോടെ 22 മത്സരങ്ങളിൽനിന്ന് 46 പോയിന്റുമായാണ് ബാഴ്സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നത്. 22 കളികളിൽ നിന്ന് 49 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാംസ്ഥാനത്ത്.
ഇന്റർമിലാന് ജയം
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഇന്റർമിലാൻ 2-0 ത്തിന് ഉഡിനെസിനെ തോൽപ്പിച്ചു. 64, 71 മിനിട്ടുകളിലായി റൊമേലു ലുക്കാക്കുവാണ് ഇന്റിനായി സ്കോർ ചെയ്തത്.
22 മത്സരങ്ങളിൽനിന്ന് 51 പോയിന്റുള്ള ഇന്റർ സെരി എയിൽ രണ്ടാംസ്ഥാനത്താണ്. 54 പോയിന്റുള്ള യുവന്റസാണ് ഒന്നാമത്.