ഭേദചിന്തകളൊന്നുമില്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ ദാർശനികതയാണ് ഗുരുദർശനം. ഗുരുവിന്റെ ഓരോ കൃതികളിലൂടെയും നാം സഞ്ചരിക്കുമ്പോൾ അത് അനുഭവയോഗ്യമായി വരും. ഗുരുദേവകൃതികളുടെ അകവും പുറവും നമ്മുടെ ചിന്തയിലൂടെ കടന്നുപോകുമ്പോൾ അതിൽ നിന്നും ഉത്ഭവിക്കുന്ന തത്വചിന്താധിഷ്ഠിതവും വേദാന്താധിഷ്ഠിതവുമായ അറിവുകൾ തെല്ലൊന്നുമല്ല വിസ്മയിപ്പിക്കുന്നത്. ആധുനിക ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഓരോ വിസ്മയങ്ങളും ഗുരുവിന്റെ ജ്ഞാനദൃഷ്ടിയിൽ എത്രയോ ദശാബ്ദങ്ങൾക്കപ്പുറം ഗുരു കണ്ടെത്തിയിരുന്നു. പിണ്ഡനന്ദി എന്ന് കൃതിയിലൂടെ ഒരു മനുഷ്യ ജന്മത്തിൽ ഒൻപത് മാസവും ഒൻപത് ദിവസവും ഒൻപത് നാഴികയും മാതാവിന്റെ ഗർഭപാത്രത്തിൽ പിണ്ഡമായിരിക്കുന്ന അവസ്ഥയെ അറിഞ്ഞ് അനുഭവിച്ച് വിവരിച്ചിട്ടുള്ള ഒരേയൊരു ദാർശനികനായ ഗുരു ശ്രീനാരായണഗുരുദേവൻ മാത്രമാണ്. ഗർഭസ്ഥാവസ്ഥയിൽ നാമെന്താണെന്ന് പ്രവചിക്കാൻ പരബ്രഹ്മസ്വരൂപനായ ഭഗവാൻ ശ്രീനാരായണഗുരുദേവൻ അല്ലാതെ മറ്റൊരാൾക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗുരു കുണ്ഡലനിപ്പാട്ടിലൂടെ ''ഓം എന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ നാം എന്ന് അറിഞ്ഞുകൊണ്ടാടു പാമ്പേ""എന്ന് രേഖപ്പെടുത്തിയത് ഈ പ്രപഞ്ചത്തിലെ സർവവും ബ്രഹ്മമാണെന്നറിഞ്ഞ് അനുഭവിച്ച് ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നതാണ് കുണ്ഡലനിപ്പാട്ട്. ഇത് ഗുരുവിന്റെ വേദാന്താത്മകമായ കൃതിയാണ്. ഈ കൃതിയിലൂടെ നമ്മുടെ ചുറ്റുമുള്ള സർവവിധ വസ്തുക്കളിലും ബ്രഹ്മം ദർശിക്കാൻ നമുക്ക് കഴിയും. അതിനായി നമ്മുടെ ഉള്ളിലെ കുണ്ഡലിനി ശക്തിയെ ഉണർത്തി അവനവനിലെ ബ്രഹ്മത്തെ അറിഞ്ഞ് അനുഭവിച്ച് ആനന്ദദായകമായ ജീവിതം സ്വയം അനുഭവിച്ചുകൊണ്ട് മറ്റുളളവരിലെ ബ്രഹ്മത്തെ മനസിലാക്കി, അറിഞ്ഞ് ആദരിച്ച് അംഗീകരിക്കുന്ന മാനസികമായ അവസ്ഥാവിശേഷം രൂപപ്പെടുത്തുമ്പോൾ ഈ ലോകം തന്നെ മാറിമറിക്കപ്പെടും. അതിലെ സർവചരാചരങ്ങളും ഒന്നാണെന്നും എല്ലാറ്റിലും ബ്രഹ്മസ്വരൂപമാണെന്നും മനസിലാക്കുന്ന വേദാന്തഭാഷയിലുള്ള കുണ്ഡലിനിപ്പാട്ട് ലോകമെമ്പാടും എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിന്റെ പ്രചാരണത്തിന് മുമ്പേ നിൽക്കേണ്ടത് ഗുരുദേവനാൽ രൂപംകൊണ്ട ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ പ്രാഥമികവും പ്രാധാന്യമേറിയതുമായ കർത്തവ്യവുമാണ്.
അതിന്റെ ഭാഗമായി ശ്രീനാരായണഗുരുദേവന്റെ വേദാന്തകൃതിയായ : കുണ്ഡലിനിപ്പാട്ടിന്റെ പ്രസക്തിയും അതിലെ ദാർശനികതയും പുതുതലമുറയിലേക്ക് പകർന്നു നൽകുന്നതിനുമൊപ്പം അതിന്റെ സന്ദേശം ചക്രവാളസീമകൾക്കപ്പുറം എത്തിക്കുന്നതിനായി നാം സംഘടിപ്പിച്ച ''ഏകാത്മകം മെഗാ ഇവന്റ്'' ചരിത്രമാക്കിയ എല്ലാവർക്കും ആദ്യമായി ഞാൻ നന്ദി അറിയിക്കുന്നു. അസ്വസ്ഥമാകുന്ന മനസുകളെ ഗുരുദേവകൃതികൾ സാന്ത്വനിപ്പിക്കുന്ന സംഗീതാവിഷ്കാരങ്ങളായി മാറുന്നു. വേദാന്ത ആശയങ്ങൾ അകക്കണ്ണ് തുറപ്പിക്കുമെങ്കിൽ സംഗീതം അതിനെ തൊട്ടുണർത്തി അറിവിന്റെ പുതിയ ലോകത്തേക്ക് ആനയിക്കും. ആ സംഗീതത്തിന്റെ താളലയത്തിൽ പഞ്ചേന്ദ്രിയങ്ങളും ലയിക്കുമ്പോൾ അതിന് നൃത്താധിഷ്ഠിതമായ മുദ്രാവിഷ്കാരം നൽകിയപ്പോൾ മനുഷ്യ ശരീരത്തിലെ കുണ്ഡലിനി ശക്തിയെ ഉദ്ദീപിപ്പിച്ച് മൂലാധാരം മുതൽ സഹസ്രാരപത്മം വരെയുള്ള ചലനവിസ്മയം ആനന്ദാനുഭവം പകരുന്നതായിരുന്നു. അതാണ് ജനുവരി 18 ന് തൃശ്ശൂർ വടക്കുംനാഥന്റെ തിരുമുറ്റത്ത് എസ്.എൻ.ഡി. പി യോഗം സംഘടിപ്പിച്ച ''ഏകാത്മകം മെഗാ ഇവന്റ് 2020"". ഇതിലൂടെ ഗുരുവിന്റെ കൃതിയുടെ ദാർശനികത ലോകം മുഴുവൻ എത്തിക്കുക എന്ന ദൗത്യമാണ് നാമേറ്റെടുത്തത്. അതിന്റെ മഹാവിജയമായിരുന്നു നമുക്ക് ലഭിച്ച ഗിന്നസ് റെക്കാഡ്. ലോകചരിത്രത്തിൽ ആദ്യമായി ഗുരുവിന്റെ ദർശനം ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നത് ഇദംപ്രഥമമാണ്. ഇത് നമ്മുടെ നിയോഗമാണ് . കർമ്മമാണ്. നാം സ്വയം നവീകരിക്കുന്നതോടൊപ്പം ലോക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഗുരുദർശനത്തിന്റെ പൊരുൾ. ഒരു വിശ്വദർശനത്തിന്റെ ശക്തമായ അടിത്തറയിൽ നിന്നല്ലാതെ വിശ്വമാനവികതയ്ക്കു വേണ്ടി പ്രവർത്തിക്കാനാവില്ല. ആ നിലയിൽ ഇന്ന് ലോകത്തിലെ എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഗുരുദർശനമാണ് നമുക്ക് പ്രാപ്തമായിട്ടുള്ളത് .
ഈ കൃതിയുടെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയ അനുഗ്രഹീത കലാകാരി ഡോ. ധനുഷ്യ സന്ന്യാലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ലോകോത്തര നിലവാരമുള്ള ഒരു വേൾഡ് റെക്കാഡിലേക്ക് ഇതിനെ എത്തിക്കാൻ സാധിച്ചതിന് യോഗം കൗൺസിൽ, കേന്ദ്രവനിതാസംഘം, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി, സൈബർസേന കേന്ദ്രസമിതി, യൂണിയൻ നേതാക്കൾ, യൂണിയൻതല പോഷകസംഘടനാ നേതാക്കൾ, ശാഖാപ്രവർത്തകർ, ധർമ്മസേനാംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കൃതിയുടെ ആഴവും പരപ്പും പകർന്നു തന്ന ശ്രീ. വിജയാനന്ദ്, ശ്രീ. മധു ബാലകൃഷ്ണൻ, ശ്രീ. കാവാലം ശ്രീകുമാർ, ശ്രീ. അജിത്ത് ഇടപ്പള്ളി എന്നീ പ്രഗല്ഭരുടെ കൂട്ടായ്മയെ ഹൃദയപൂർവം നമിക്കുന്നു. എല്ലാ അസൗകര്യങ്ങളും മാറ്റിവെച്ച് ഈ നൃത്തച്ചുവട് അഭ്യസിച്ച് അതിൽ അറിഞ്ഞ് അനുഭവിച്ച് ലോകം മുഴുവൻ വിസ്മയക്കാഴ്ചയൊരുക്കിയ നമ്മുടെ നർത്തകിമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. ഈ മഹത് സംരംഭത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഗുരുസന്ദേശ പ്രചാരകരായി നമുക്ക് കർമ്മകാണ്ഡങ്ങളിൽ ഇനിയും ഒത്തിരി ഉത്തരവാദിത്വങ്ങൾ ഉണ്ട്. അതിനായി ഒരുമയോടെ സംഘശക്തിയായി പ്രവർത്തിക്കാം.
യോഗനാദം ഫെബ്രുവരി ഒന്ന് ലക്കം മുഖപ്രസംഗം