ചിറയിൻകീഴ്: കാൻസറിനെ പ്രതിരോധിക്കാനും രോഗലക്ഷണമുള്ളവർക്ക് അടിയന്തരമായി ചികിത്സ തേടാനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാൻസർ രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. കലാവതിയുടെ നേതൃത്വത്തിൽ പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തംഗം ആന്റണി ഫെർണാണ്ടസ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ജിജി തോംസൺ, ഡോ. ജയകുമാർ, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷ്യാംജി വോയ്സ്, ഡോ.വീണ തുടങ്ങിയവർ സംസാരിച്ചു. പെരുമാതുറ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അർണോൾഡ് ദീപക് സ്വാഗതവും പ്രൊജക്ട് കോ- ഓർഡിനേറ്റർ പ്രമോദ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കിഴുവിലം ഗ്രാമപഞ്ചായത്തിൽ 10നും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ 17നും മുദാക്കൽ ഗ്രാമപഞ്ചായത്തിൽ 19നും ക്യാമ്പുകൾ നടക്കും.