എൽ.ഡി.എഫ് സർക്കാർ ബാർ ഹോട്ടലുകൾക്ക് അനുമതി നൽകിയത് ടൂറിസം ഐ.ടി മേഖലകൾക്ക് വേണ്ടിയാണെന്നും അവിടെയെല്ലാം തൊഴിലവസരങ്ങളെ ബാധിക്കാതിരിക്കാനാണെന്നുമുള്ള എക്സൈസ് മന്ത്രിയുടെപ്രസ്താവന തങ്ങളുടെ തെറ്റായ നയങ്ങളെയും നടപടികളെയും ന്യായീകരിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ്.
ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതും ഐ.ടി മേഖലയിൽ പ്രവർത്തിക്കാൻ ആളുകൾ തയ്യാറായി മുന്നോട്ടു വരുന്നതും മദ്യപിക്കാനാണെന്ന മട്ടിലുള്ള മന്ത്രിയുടെ അഭിപ്രായപ്രകടനം ആടിനെ പട്ടിയാക്കുന്ന കുതന്ത്രമാണ്. 2017ൽ കേവലം 29 ബാറുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 565 ആയി വർദ്ധിച്ചു. മന്ത്രിയുടെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇത്രയേറെ മദ്യശാലകൾ വർദ്ധിച്ചപ്പോൾ ടൂറിസ്റ്റുകളുടെ വരവിൽ വൻവർദ്ധനവ് ഉണ്ടാകേണ്ടതല്ലേ?അങ്ങനെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കേരളം വിനോദസഞ്ചാരത്തിൽ ഇന്ത്യയിൽ ഏഴാം സ്ഥാനത്തേക്ക് ഇപ്പോൾ പിന്തള്ളപ്പെട്ടിരിക്കുകയാണ്. 730 ബാറുകൾ അടച്ചുപൂട്ടിയ 2014 -15 സാമ്പത്തിക വർഷത്തിൽ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 5.86 ശതമാനം മുൻവർഷത്തേക്കാൾ വർദ്ധനവുണ്ടായതായി കാണാം. അതായത് മുൻവർഷത്തെ 9,23,366ൽ നിന്നും 9,77,479 ആയി ഉയർന്നു.ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിലാകട്ടെ 6.59 ശതമാനം വർദ്ധിച്ചു.
ടൂറിസം മേഖലയിൽ നിന്നും വിദേശനാണ്യ വരുമാനത്തിലും 2015 - 16 വർഷങ്ങളിൽ ഉണ്ടായ നേട്ടവും എടുത്തുപറയേണ്ടതാണ്. വിദേശനാണ്യ വരുമാനത്തിൽ 2015ൽ നേടിയ 6,949.88 കോടി മുൻ വർഷത്തേക്കാൾ 8.61 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. മേൽക്കാണിച്ചതെല്ലാം സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക രേഖകളിൽ പറയുന്നത് തന്നെയാണ്. ഇതെല്ലാം തെളിയിക്കുന്നത് മദ്യശാലകൾ അന്ന് അടച്ചുപൂട്ടിയതു കൊണ്ട് ടൂറിസ്റ്റുകളുടെ വരവിൽ കുറവുണ്ടായിട്ടില്ല; മറിച്ച് അത് വർദ്ധിക്കുകയാണുണ്ടായതെന്ന സത്യമാണ്. അതുകൊണ്ട് ടൂറിസത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കുമായി മദ്യശാലകൾ തുറക്കേണ്ടി വന്നുവെന്ന് പറയുന്നത് യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമാണ്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറച്ചു കൊണ്ടുവരുന്ന നയമായിരിക്കും ഇടതുമുന്നണി സർക്കാർ സ്വീകരിക്കുകയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് നേരെ വിപരീതമാണ് ഇതെല്ലാമെന്നതാണ് ഏറെ വിചിത്രം.
ഇതിന്റെയെല്ലാം ഫലം കേരളം അതിഗുരുതരമായ സാമൂഹ്യ ദുരന്തത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചു, ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമായി, കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടി വരുന്നു. ഒരു ഭാഗത്ത് മദ്യം വ്യാപകമാക്കുകയും മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ തന്നെ ലഹരിക്കെതിരെ കാമ്പയിൻ പ്രഹസനം നടത്തുന്നതിൽ പരം വലിയ കാപട്യം മറ്റെന്താണ്. ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടത് അതിന്റെ ലഭ്യത കുറയ്ക്കുകയാണ്. ലഭ്യത കുറയ്ക്കാതെ ഉപയോഗം കുറയ്ക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ അടിസ്ഥാന തത്വത്തിന് നേരെ വിപരീതമാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ. മറ്റൊരു വാദം സർക്കാർ ഉയർത്തിയത് മദ്യഷാപ്പുകൾ അടച്ചതുകൊണ്ടാണ് മയക്കുമരുന്ന് ഉപയോഗം വർധിച്ചതെന്നാണ്. ആ വാദഗതിയും വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കണക്കുകൾ സഹിതം അക്കാലത്ത് തന്നെ ചൂണ്ടികാണിച്ചിരുന്നു. എന്നാൽ എന്താണ് ഇപ്പോഴത്തെ അവസ്ഥ? മദ്യം വ്യാപകമായി; അതോടൊപ്പം തന്നെ മയക്കുമരുന്നു ഉപയോഗവും. ഇത്രയൊക്കെ കെടുതികൾ നാടിനും ജനങ്ങൾക്കും വരുത്തിയിട്ടും തൃപ്തി വരാത്ത സർക്കാർ ഇനി 'ഡ്രൈഡേ"നിറുത്താനും റീട്ടെയിൽ മദ്യ ഔട്ട്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പബ്ബുകളും നൈറ്റ് ലൈഫ് സെന്ററുകളും തുടങ്ങാനും വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാൻ ഒരു സർക്കാർ തന്നെ നേതൃത്വം കൊടുക്കുന്ന അത്യപൂർവ നടപടികൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ ദുർനയങ്ങൾക്കും നടപടികൾക്കുമെതിരെ സർക്കാരിനെ തിരുത്തുന്നതിന് ശക്തമായ ജനപ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു.