ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ ഐ.എസ്.ആർ.ഒയുടെ എർത്ത് സ്‌റ്റേഷന് സമീപത്തെ കാടുപിടിച്ച പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 700 ഓളം വർഷങ്ങൾ പഴക്കമുള്ള ഒരു കൊട്ടാരമാണ് മാൽച്ച മഹൽ. ഏറെ നിഗൂഡതകളും പ്രേതക്കഥകളും നിറഞ്ഞതാണ് മാൽച്ചാ മഹൽ.
1977ൽ അവദ് രാജവംശത്തിലെ അവസാന രാജാവായ നവാബ് വാജിദ് അലി ഷായുടെ തലമുറയിൽപ്പെട്ട ബീഗം വിലായത്ത് മഹൽ തന്റെ മക്കളായ അലി റാസ രാജകുമാരനെയും സക്കീന രാജകുമാരിയെയും കൂട്ടി താമസിക്കാൻ കൊട്ടാരം നൽകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. തന്റെ പൂർവികരുടെ സ്വത്തുക്കൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തെന്നും ഇതിന് തനിക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വിലായത്തും മക്കളും ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലെ വെയിറ്റിംഗ് റൂമിൽ 7 വർഷം കഴിച്ചുകൂട്ടി.
ഒടുവിൽ ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് 1985ൽ ഡൽഹിയിലെ മാൽച്ചാ മഹൽ വിലായത്തിന് അനുവദിച്ച് നൽകി. അന്നുമുതലാണ് മാൽച്ചാ മഹൽ നിഗൂഡതയുടെ കേന്ദ്രമായി മാറിയത്. പുറത്തു നിന്നുള്ള ഒരാളെയും വിലായത്തും കുടുംബവും അകത്തേക്ക് പ്രവേശപ്പിച്ചിരുന്നില്ല. ഗേറ്റിനുള്ളിൽ പ്രവേശിക്കുന്നവരെ വെടിവച്ച് വീഴ്‌ത്തും എന്ന ബോർഡ് മാൽച്ചാ മഹലിന് പുറത്ത് കാണാനാകും.
12 ഓളം നായ്ക്കളെ ഇവിടെ വളർത്തിയിരുന്നു. ഇവയെ മിക്കപ്പോഴും അഴിച്ചു വിട്ടിരിക്കുമായിരുന്നു. 1993ൽ 62ാം വയസിൽ വിലായത്ത് ആത്മഹത്യ ചെയ്‌തു. വിലായത്തിന്റെ മൃതദേഹം 10 ദിവസം മാൽച്ചാ മഹലിൽ തന്നെ സൂക്ഷിച്ചിരുന്നത്രെ. അലി റാസ രാജകുമാരൻ പിന്നീട് മൃതദേഹം കുഴിച്ചിടുകയായിരുന്നു. അതുവരെ അലി റാസയും സക്കീനയും അമ്മയുടെ മൃതദേഹത്തിനൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നും പറയപ്പെടുന്നു. വിലായത്ത് മഹലിന്റെ മരണശേഷം മകൾ സക്കീന കറുത്ത വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. 90കളുടെ അവസാനം സക്കീനയും മരിച്ചു. സക്കീന എന്ന് മരിച്ചെന്നോ മരണകാരണമോ ആർക്കും അറിയില്ല. പിന്നീട് കൊട്ടാരം പോലുള്ള വലിയ മാൽച്ചാ മഹലിൽ ഏകനായി ജീവിച്ച അലി റാസയെ 2017ൽ മരിച്ച നിലയിൽ കണ്ടെത്തി. അലി റാസയുടെ മരണകാരണവും വ്യക്തമല്ല. ശരിക്കും വിലായത്ത് ആരായിരുന്നു. ആരോടും ഇടപഴകാതെ അവർ മാൽച്ചാ മഹലിനുള്ളിൽ കഴിച്ചു കൂട്ടിയതെന്തിനാണ്. ഇന്നും ആർക്കും അറിയില്ല.