തിരുവനന്തപുരം: വൻകിട പദ്ധതികൾ പ്രഖ്യാപിക്കാതെയും നിലവിലെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള ബഡ്ജറ്റായിരിക്കും ധനമന്ത്രി തോമസ് എെസക് നാളെ നിയമസഭയിൽ അവതരിപ്പിക്കുക എന്ന് അറിയുന്നു. കേരളത്തിന് നികുതി വിഹിതത്തിൽ കിട്ടേണ്ട തുകയിൽ 2,636 കോടിയുടെ നഷ്ടമാണ് കേന്ദ്ര ബഡ്ജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കി അധിക വിഭവസമാഹരണം കണ്ടെത്താനുള്ള മാർഗങ്ങളും ബഡ്ജറ്റിലുണ്ടായേക്കും. ഇതിനായി ഭൂനികുതിയും സർക്കാർ സേവനങ്ങളുടെ ഫീസും വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. കിഫ്ബിയിലൂടെ പ്രഖ്യാപിച്ച 47,000 കോടിയുടെ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികളും ബഡ്ജറ്റിലുണ്ടാവും. ഇതിൽ 18,000 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്തു. 14,000 കോടിയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുന്നു.
പുതിയ തസ്തികകളുണ്ടാവില്ല
പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള സാദ്ധ്യതയുണ്ടാവില്ല. 20,000 തസ്തികകൾ ഈ സർക്കാർ സൃഷ്ടിച്ചു കഴിഞ്ഞു. പല വകുപ്പുകളിലും അധികമായി ജീവനക്കാരുണ്ട്. ഇവരെ പുനർവിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടില്ല എന്നും സൂചനയുണ്ട്. എണ്ണം കൂട്ടാതെതന്നെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനായിരിക്കും ബഡ്ജറ്റിൽ നിർദ്ദേശിക്കുക. പെർഫോമൻസ് ഓഡിറ്റിലെ അഞ്ഞൂറോളം പേരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനും സാദ്ധ്യതയുണ്ട്.
വാറ്റ് കുടിശിക പിരിക്കും
ജി.എസ്.ടി വരുന്നതിന് മുമ്പുണ്ടായിരുന്ന വാറ്റ് കുടിശിക വ്യാപാരികളിൽ നിന്ന് പിരിക്കാൻ ബഡ്ജറ്റിൽ പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന് അറിയുന്നു.
ലോട്ടറിക്ക് വില കൂട്ടിയേക്കും
ലോട്ടറി ടിക്കറ്റുകൾക്ക് വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ സൂചന നൽകിയതാണ്. ജി.എസ്.ടി കൗൺസിൽ ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി ഏകീകരിച്ച സാഹചര്യത്തിലാണിത്. സർക്കാരിന്റെ ലാഭം കുറഞ്ഞാലും ലോട്ടറി വിൽക്കുന്നവരുടെയും സമ്മാനം നേടുന്നവരുടെയും ലാഭം കുറയാതിരിക്കാനാണ് വില കൂട്ടാനുള്ള നീക്കം.
ഭൂനികുതി വർദ്ധിപ്പിച്ചേക്കും
നെൽവയലിൽ നിന്ന് കരഭൂമിയായി പരിവർത്തനം ചെയ്യപ്പെട്ട ഭൂമിയുടെ നികുതി വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. ഭൂമിയുടെ ന്യായവിലയുടെ ചെറിയ ശതമാനമാണ് നികുതിയായി ഇപ്പോൾ ഈടാക്കുന്നത്. ഭൂമി പരിവർത്തനം ചെയ്യപ്പെടുമ്പോൾ മൂല്യം കൂടുമെന്നതിനാലാണ് നികുതി വർദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നത്.
പുതിയ അദ്ധ്യാപക തസ്തികകളുണ്ടാവില്ല
സ്‌കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള സാദ്ധ്യതയില്ലാതാക്കിയേക്കും. മിക്ക എയ്ഡഡ് സ്‌കൂളുകളും സർക്കാരിനെ അറിയിക്കാതെയാണ് തസ്തികകൾ സൃഷ്ടിക്കുന്നത്. 30 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നാണ് അനുപാതം. ഒരു കുട്ടി കൂടിയാൽപോലും പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാറുണ്ട്. ഇത് സർക്കാരിന് അധികബാദ്ധ്യതയുണ്ടാക്കുന്നു. കഴിഞ്ഞ നാലു വർഷത്തിനിടെ മുപ്പതിനായിരത്തോളം തസ്തികകൾ ഇങ്ങനെ സൃഷ്ടിച്ചതായാണ് കണക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം 5 വർഷത്തിലൊരിക്കലെന്നത് തുടരാനാണ് സാദ്ധ്യത.
മദ്യ വില കൂട്ടിയേക്കും
വാർഷിക പദ്ധതിയിൽ കാര്യമായ വർദ്ധന വേണ്ടെന്ന നിർദേശമാണ് ആസൂത്രണ ബോർഡും നൽകിയിരിക്കുന്നത്. ഭൂനികുതി, കെട്ടിട നികുതി, ഭൂമിയുടെ ന്യായവില, മോട്ടർ വാഹന നികുതി, മദ്യനികുതി, സേവനങ്ങൾക്കുള്ള ഫീസ് എന്നിവയിൽ നേരിയ വർദ്ധന ഉണ്ടാകുമെന്നാണ് സൂചന.
കുറച്ച ഇന്ധന നികുതി കൂട്ടിയേക്കും
ഇന്ധനവില ഉയർന്നപ്പോൾ സംസ്ഥാന സർക്കാർ നികുതിയിൽ ഒരു രൂപാ കുറച്ചിരുന്നു. ബഡ്ജറ്റിൽ ഇതു തിരിച്ച് പിടിക്കാനുള്ള നിർദ്ദേശം കൊണ്ടുവന്നേക്കും. തദ്ദേശ തിരഞ്ഞെടുപ്പു വർഷമായതിനാൽ നികുതികൾ വലിയ രീതിയിൽ ഉയർത്താനിടയില്ല. 3500 കോടി രൂപ കരാറുകാർക്കു നൽകി ഈ സർക്കാരിന്റെ കാലത്തു തന്നെ പകുതിയിലേറെ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷമിടുന്നത്.