തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.
ആറ് വർഷത്തിനിടെ ചെലവ് 15 ശതമാനം ഉയർന്നപ്പോൾ വരുമാനം 10 ശതമാനം മാത്രമാണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം നവംബർ വരെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 55,747 കോടിയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 1.32 ശതമാനം കൂടുതൽ. നികുതി വരുമാനം 1.3 ശതമാനവും നികുതിയേതര വരുമാനം 19.22 ശതമാനവും വർദ്ധിച്ചു. എന്നാൽ കേന്ദ്ര നികുതി വരുമാനത്തിൽ 1.63 ശതമാനത്തിന്റെയും ഗ്രാന്റിൽ 12.84 ശതമാനത്തിന്റെയും കുറവുണ്ടായി. ധനക്കമ്മി മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 1.63 ശതമാനം വർദ്ധിച്ചപ്പോൾ റവന്യൂ കമ്മിയിൽ 8.41 ശതമാനത്തിന്റെ കുറവുണ്ടായി. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര നികുതി, ജി.എസ്.ടി വിഹിതങ്ങളിൽ 4000 കോടിയുടെ അടക്കം ആകെ 12,000 കോടിയുടെ കുറവുണ്ടാകും. തദ്ദേശസ്ഥാപനങ്ങളിലെ അംഗീകൃത കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.