മതിയായ രേഖകളില്ലാതെ ആരാധനാലയങ്ങളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും കൈവശമിരിക്കുന്ന ഭൂമി നിബന്ധനകൾക്കു വിധേയമായി അവയ്ക്ക് പതിച്ചുനൽകാൻ സർക്കാർ തീരുമാനമെടുത്തിട്ട് ആഴ്ചകളായെങ്കിലും ഉത്തരവ് ഇറക്കാതിരിക്കുകയായിരുന്നു. നിബന്ധനകളിലെ അവ്യക്തതയാണ് പ്രധാന തടസമായത്. അവ്യക്തതയെല്ലാം പരിഹരിച്ചതോടെ റവന്യൂ വകുപ്പ് അതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് സ്ഥിരം പട്ടയം ലഭിക്കുന്നത് വ്യക്തികൾക്കെന്ന പോലെ ആരാധനാലയങ്ങൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും വളരെയധികം ആശ്വാസമാണ്. കൈവശമുള്ള ഭൂമിക്ക് നിയമപരമായ അവകാശ രേഖകളൊന്നുമില്ലാത്തതിനാൽ പ്രസ്തുത സ്ഥലത്ത് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. ആകെ സമാധാനമുണ്ടായിരുന്നത് സർക്കാർ ബലം പ്രയോഗിച്ച് അത്തരം ഭൂമി ഏറ്റെടുക്കുകയില്ലെന്നതാണ്. ആരാധനാലയങ്ങളോട് ചേർന്നു കിടക്കുന്നതും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്ഷേത്രഭരണാധികാരികൾ കാലാകാലമായി നിവേദനം നൽകിവരികയായിരുന്നു. ഇപ്പോഴത്തെ സർക്കാരാണ് ഈ ആവശ്യത്തോട് കരുണ ചൊരിയാൻ തയ്യാറായത്. അതിന് ആരാധനാലയങ്ങളും അവ നിലനിന്നു കാണാൻ പ്രാർത്ഥിക്കുന്ന വിവിധ ജനവിഭാഗങ്ങളും സർക്കാരിനോട് എന്നും കൃതജ്ഞതയുള്ളവരാകുമെന്നതിൽ സംശയമില്ല.
ആരാധനാലയങ്ങളുടെ കൈവശം രേഖകളിൽപ്പെടാത്ത എത്ര ഭൂമിയുണ്ടെങ്കിലും അത് അപ്പാടെ പതിച്ച് നൽകുകയില്ല. പരമാവധി ഒരേക്കറേ നൽകൂ എന്നാണു നിബന്ധന. അതും വിവിധ തോതിൽ വില ഈടാക്കി മാത്രം. 1947-നു മുമ്പേ കൈവശം വച്ചിരിക്കുന്ന ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ ന്യായവിലയുടെ 10 ശതമാനം വില നൽകണമെന്നാണു നിബന്ധന. 1947-നും കേരളപ്പിറവിദിനമായ 1956 നവംബർ ഒന്നിനുമിടയ്ക്കാണെങ്കിൽ ന്യായവിലയുടെ 25 ശതമാനം ഈടാക്കും. 1956 നവംബർ ഒന്നിനും 1990 ജനുവരി ഒന്നിനും മുമ്പുള്ളതാണെങ്കിൽ ഭൂമിയുടെ ഇപ്പോഴത്തെ ന്യായവില നൽകേണ്ടിവരും. 1990 മുതൽ 2008 ആഗസ്റ്റ് വരെ കൈവശത്തിലിരിക്കുന്ന ഭൂമിക്ക് കമ്പോളവില തന്നെ നൽകണമെന്നാണ് സർക്കാർ നിബന്ധന. സാംസ്കാരിക സ്ഥാപനങ്ങൾക്കും ജീവകാരുണ്യ സ്ഥാപനങ്ങൾക്കും 50 സെന്റ് വരെ ഭൂമിയേ നൽകൂ. കാലാ - കായിക - സാംസ്കാരിക സ്ഥാപനങ്ങൾക്കാകട്ടെ പത്തു സെന്റും. സർക്കാർ സ്ഥലത്ത് പ്രവർത്തിക്കുന്ന ക്ളബുകൾക്ക് ഭൂമി പതിച്ചുനൽകില്ല. അവയ്ക്ക് പാട്ടവ്യവസ്ഥ തുടരാം. പാട്ടം കാലോചിതമായി പുതുക്കാനാണു തീരുമാനം. വൻ വരുമാനമുള്ളവയാണ് നഗരത്തിൽ കണ്ണായ സ്ഥലത്ത് പ്രവർത്തിക്കുന്ന ഇത്തരം ക്ളബുകൾ. സർക്കാരിന് നിശ്ചിത പാട്ടം പോലും നൽകാതെ പ്രവർത്തിക്കുന്നവയാണ് അവയിൽ പലതും. ഉദ്യോഗസ്ഥ പ്രമാണിമാരും സമൂഹത്തിലെ ഉന്നതരും അംഗങ്ങളായ ഇത്തരം ക്ളബുകൾ പാട്ടവ്യവസ്ഥകൾ സ്ഥിരമായി ലംഘിച്ചാലും നടപടിയൊന്നുമുണ്ടാകാത്തത് സർക്കാരിലുള്ള പിടിപാടുകൊണ്ടാണ്.
ആരാധനാലയങ്ങൾ പൊതുസ്ഥലമെന്ന പരിഗണന അർഹിക്കുന്നതിനാൽ അവയുടെ കൈവശമിരിക്കുന്ന സ്ഥലത്തിന് പട്ടയം നൽകുന്നത് നീതിപൂർവം തന്നെ. സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി പോലും അന്യാധീനപ്പെട്ട ദുരന്തം നേരിടുന്നവയായി ഒട്ടേറെ മഹാക്ഷേത്രങ്ങൾ സംസ്ഥാനത്തുടനീളമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പക്കലുണ്ടായിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് ഇക്കാലയളവിൽ നഷ്ടപ്പെട്ടിട്ടുള്ളത്. സ്വന്തമായുണ്ടായിരുന്ന ഭൂമിയിലെയും നിലങ്ങളിലെയും വരുമാനം കൊണ്ട് നല്ല നിലയിൽ നടന്നുപോന്ന ക്ഷേത്രകാര്യങ്ങൾ ഭൂമി അന്യാധീനപ്പെട്ടതോടെ ദേവസ്വം ബോർഡിന്റെ കാരുണ്യത്തിലാണ് ഇപ്പോൾ വല്ലവിധേനയും കഴിഞ്ഞു പോകുന്നത്. അന്യാധീനപ്പെട്ടുപോയ ഭൂമി വീണ്ടെടുക്കാൻ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. ആരാധനാലയങ്ങളുടെ പക്കലിരിക്കുന്ന സർക്കാർ ഭൂമി നിയമാനുസൃതം പതിച്ചുകിട്ടണമെങ്കിൽ ആവശ്യമായ പണം കണ്ടെത്തേണ്ടിവരും. ജനങ്ങൾ വേണം അതിനു മുൻകൈയെടുക്കാൻ. ക്രിസ്ത്യൻ ദേവാലയങ്ങൾ മതിയായ ശ്മശാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ച എവിടെയും കാണാം. കൈവശഭൂമി പതിച്ചുനൽകാനുള്ള സർക്കാർ തീരുമാനം അവർക്കും ഏറെ സഹായകമാണ്.
ഒരേക്കർ വരെ ഭൂമി ആരാധനാലയങ്ങൾക്ക് നൽകിയ ശേഷവും ബാക്കി ഭൂമി മിച്ചമുണ്ടെങ്കിൽ എന്തുചെയ്യണമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഈ ഭൂമി അപ്പാടെ സർക്കാർ ഏറ്റെടുക്കുമോ എന്ന ആശങ്കയിലാണ് ആരാധനാലയങ്ങൾ. പതിച്ചു നൽകിയതിനു ശേഷം വരുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിലായിരുന്നു റവന്യൂ വകുപ്പ്. എന്നാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നതിനാൽ തീരുമാനം സൗകര്യപൂർവം മാറ്റിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന സർക്കാർ വെറുതേ ഒരു വിവാദം ക്ഷണിച്ചുവരുത്തേണ്ട ആവശ്യവുമില്ല.