rajunarayan-swamy
RAJUNARAYAN SWAMY

തിരുവനന്തപുരം: സംസ്ഥാന സർവീസിൽ പ്രവേശിച്ചാൽ കേന്ദ്ര സർവീസിലേക്ക് തിരികെപ്പോകാൻ മൂന്നുവർഷം കഴിയണമെന്ന കൂളിംഗ് ഒഫ് നിയമം നിലനിൽക്കുന്നതിനാലാണ് സംസ്ഥാന സർവീസിലേക്കെത്താൻ കഴിയാത്തതെന്നും ഇതുചൂണ്ടിക്കാട്ടി മൂന്നു തവണ ചീഫ് സെക്രട്ടറിക്ക് മറുപടി നൽകിയിട്ടുണ്ടെന്നും മു​തി​ർ​ന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജുനാരായണ സ്വാമി പറഞ്ഞു.

നാളികേര വികസന ബോർഡിൽ കേന്ദ്ര മന്ത്രി സദാനന്ദഗൗഡയുടെ നേതൃത്വത്തിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരികയും ഇതിനെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതിന്റെ പ്രതികാരമായാണ് തന്നെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയത്. ഇതിനെതിരെ ഫയൽ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതിയിൽ അവസാന ഘട്ടത്തിലാണ്. ഐ.എ.എസ് ഉദ്യോഗസ്ഥരെ രണ്ടുവർഷത്തിനകം മാറ്റരുതെന്ന ടി.എസ്.ആർ സുബ്രഹ്മണ്യം കേസിലെ സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴാണ് മാറ്റിയത്. കേസിൽ അനുകൂലമായ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ സംസ്ഥാന സർവീസിൽ പ്രവേശിച്ചാൽ വിധി അനുകൂലമായാൽ പോലും കൂളിംഗ്‌ ഒഫ് അനുസരിച്ച് കേന്ദ്രസർവീസിൽ തിരികെ പോകാൻ കഴിയില്ല. ഇക്കാര്യം വ്യക്തമായി അറിയുന്ന ഐ.എ.എസ് ലോബിയാണ് സംസ്ഥാന സർവീസിൽ താൻ തിരികെ പ്രവേശിക്കണമെന്ന് നിർബന്ധം പിടിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഇഷ്ടക്കാരനല്ലാത്തതിനാലാണ് ഈ വാശി. അദ്ദേഹത്തിനു നൽകിയ കത്തുകളിൽ കോടതി നടപടികളെക്കുറിച്ചുള്ള കാര്യങ്ങളടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചീഫ്സെക്രട്ടറിയുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും രാജുനാരായണ സ്വാമി പറഞ്ഞു.