തിരുവനന്തപുരം: വിവിധ സമുദായങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകളകറ്റാൻ സൗഹൃദസംഭാഷണങ്ങളും ചർച്ചകളും അനിവാര്യമായ സമയമാണിതെന്ന് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം. മുസ്ളിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ഇൻഫർമേഷൻ ഗൈഡിന്റെ കോപ്പി പാളയം ഇമാം വി.പി. സുഹൈബ് മൗലവിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ കാർന്നുതിന്നുന്ന മദ്യനയത്തിനെതിരെ യോജിച്ച സമരങ്ങൾ രൂപപ്പെടണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂസപാക്യം സ്വീകരിച്ച നിലപാട് സന്തോഷകരമാണെന്ന് പാളയം ഇമാം പറഞ്ഞു. മുസ്ളിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനായി. വിഴിഞ്ഞം ഹനീഫ്, കൽപ്പാളയം ഷാഹുൽ ഹമീദ്, പാപ്പനംകോട് അൻസാരി, കല്ലാട്ടുമുക്ക് സലിം, ബീമാപള്ളി സക്കീർ, ഇ.കെ. മുനീർ തുടങ്ങിയവർ സംസാരിച്ചു. പി. സെയ്യദലി സ്വാഗതവും കാരയ്ക്കാമണ്ഡപം താജുദീൻ നന്ദിയും പറഞ്ഞു.