തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്ത കോഴിക്കോട്ടെ അലന്റെയും താഹയുടെയും കേസ് തിരികെ സംസ്ഥാനത്തിന് കൈമാറാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി.
മാവോയിസ്റ്റ് ബന്ധം സംശയിച്ച് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത അലന്റെയും താഹയുടെയും കേസ് എൻ.ഐ.എ ഏറ്റെടുത്തത് സംസ്ഥാനം ആവശ്യപ്പെട്ടിട്ടല്ല. പി. ചിദംബരം പാർലമെന്റിൽ കൊണ്ടുവന്ന നിയമപ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്തിയതിനാലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എം.കെ. മുനീർ പറഞ്ഞു. ചിദംബരം കൊണ്ടുവന്ന നിയമത്തിന്റെ തന്നെ അടിസ്ഥാനത്തിൽ കേസ് സംസ്ഥാനത്തിന് തിരിച്ചുനൽകണമെന്ന് ആവശ്യപ്പെടണമെന്ന് മുനീർ ആവശ്യപ്പെട്ടു. 'അമിത്ഷായുടെ മുന്നിൽ കത്തുമായി പോകണമെന്നാണ് ആവശ്യം, എന്തൊരു താത്പര്യം' എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി, ' അമിത്ഷായെ അല്ല, കേന്ദ്ര ആഭ്യന്തരമന്ത്രിയെയാണ് സമീപിക്കുന്നതെന്നും ഗവർണറുടെ കാലു പിടിക്കുന്നതിനെക്കാളും നല്ലതാണ് ഇതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. ബി.ജെ.പി അംഗം ഒ.രാജഗോപാലും പങ്കെടുത്തു.
അലനെയും താഹയെയും കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഉസ്മാനെതിരെ യു.എ.പി.എ ഉൾപ്പെടെ പല കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇയാളെയും പിന്നീട് പിടികൂടി. വകുപ്പ് ചുമത്തുന്നത് പൊലീസാണ്, സർക്കാരല്ല. യു.എ.പി.എ കേസുകൾ പരിശോധിക്കുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ സമിതിയുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുന്നത്. അതിന് മുമ്പ് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില ലഘുരേഖകളും പുസ്തകങ്ങളും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് മുനീർ ചൂണ്ടിക്കാട്ടി. 'ഇ.എം.എസിന്റെ പുസ്തകം എന്റെ കൈയിലുണ്ട്. ഞാൻ മാർക്സിസ്റ്റുകാരനാവുമോ...? സവർക്കറുടെ പുസ്കകമുണ്ടെങ്കിൽ ആർ.എസ്.എസുകാരനാവുമോ?.- മുനീർ ചോദിച്ചു. അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ പൂച്ചെണ്ടു നൽകിയ അതേ നിലപാട് ഇക്കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചാൽ മതിയെന്ന് ചെന്നിത്തല പറഞ്ഞു.