ncc
photo

തിരുവനന്തപുരം: രാജ്യസേവനത്തിനു പുറമേ മാലിന്യനിർമ്മാർജനം, ബോധവത്കരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ എൻ.സി.സി കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കെ.ടി.ജലീൽ. സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കേഡറ്റുകൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കേഡറ്റുകൾക്ക് പുരസ്‌കാരം നൽകി. 2019-20 ലെ സംസ്ഥാനത്തെ മികച്ച ബറ്റാലിയനുള്ള അവാർഡ് 31 കേരള ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ കേണൽ ജോസ് ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പലും കെ.ആർ.കെ.ഡി.എം. ബി.എച്ച്.എസ്.ആൻഡ് എച്ച്.എസ്.എസ് പ്രിൻസിപ്പലും ഏറ്റുവാങ്ങി.
ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന മത്സരങ്ങളിൽ വ്യക്തിഗത ഇനങ്ങളിൽ മെഡൽ നേടിയ കേഡറ്റുകളായ ഭാവന എസ്.പൈ, ഗൗരി ശങ്കർ എസ്, സനത്ത്കൃഷ്ണ കെ., അർപ്പിത രഞ്ജിത്, ആഷ്ലി അഗസ്റ്റിൻ, സ്നേഹ എസ്, ദിപിൻ ദിവാകരൻ, കാത്തിയ വർഗീസ് തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. സാംസ്‌കാരിക പരിപാടിയിൽ സംഘനൃത്തത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയുടെ പുനരാവിഷ്‌കാരവും നടന്നു.