തിരുവനന്തപുരം: സർവകലാശാലയുടെ എൻജിനിയറിംഗ് പരീക്ഷയ്ക്ക് കോളേജിൽ നടന്ന പരീക്ഷയിലെ ചോദ്യം അതേപടി കോപ്പിയടിച്ച അദ്ധ്യാപികയെ സാങ്കേതിക സർവകലാശാല ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ നിന്നും 5 വർഷത്തേക്ക് ഡീബാർ ചെയ്തു.
സ്വിച്ചിംഗ് തിയറി ആൻഡ് ലോജിക് ഡിസൈൻ എന്ന വിഷയത്തിലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിലെ സീരീസ് പരീക്ഷയിലെ ചോദ്യങ്ങൾ അതേപോലെ ആവർത്തിച്ചതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റ് ഉപസമിതി നടത്തിയ അന്വേഷണത്തിൽ യൂണിവേഴ്സിറ്റി പരീക്ഷയിലെ ചോദ്യപേപ്പർ തയ്യാറാക്കിയതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തി. പുനഃപരീക്ഷ നടത്തിയതിന്റെ മുഴുവൻ ചെലവും അദ്ധ്യാപികയിൽ നിന്നു പിഴയായി ഈടാക്കും.
ഹർത്താൽ: പരീക്ഷയെഴുതാൻ
കഴിയാത്തവർക്ക് പുനഃപരീക്ഷ
ഡിസംബർ 17 ഹർത്താൽ ദിനത്തിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കാൻ അക്കാഡമിക് കൗൺസിൽ നിർദേശിച്ച റിവ്യൂ സംവിധാനം സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചു. ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും സംയുക്ത ഗ്രേഡ് കാർഡും വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യയന വർഷം മുതൽ ഓൺലൈനായി ലഭ്യമാക്കും. അക്കാഡമിക് ഓഡിറ്റിംഗിൽ മികവ് പുലർത്താത്ത പത്ത് കോളേജുകളിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ പരിശോധന നടത്തും.