budject

തിരുവനന്തപുരം: സംസ്ഥാനത്തെ സെൻസസ് നടപടി നിറുത്തിവയ്‌ക്കണമെന്ന് മുസ്ലിംലീഗ് അംഗം എൻ. ഷംസുദ്ദീൻ നിയമസഭയിലാവശ്യപ്പെട്ടു. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു ആവശ്യം. സെൻസസിനും എൻ.പി.ആറിനും ഒരേ വിജ്ഞാപനമാണ്. സെൻസസിന് ശേഷം അടുത്തവർഷം എന്യൂമറേറ്റർമാർ‌ക്ക് ജനങ്ങളിൽ നിന്ന് എൻ.പി.ആർ വിവരങ്ങൾ ശേഖരിക്കാനാകും. വിവരങ്ങൾ നൽകാത്തവരെ സംശയമുള്ളവരുടെ പട്ടികയിലും പെടുത്തും. അതിനാൽ കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കാൻ രണ്ടുവർഷത്തേക്കെങ്കിലും കേരളത്തിൽ സെൻസസ് നടത്തില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഷംസുദ്ദീൻ ആവശ്യപ്പെട്ടു.

 'നിലവിളക്കി"ൽ പോർവിളി

പൊതുചടങ്ങിൽ നിലവിളക്ക് കൊളുത്തുമ്പോൾ മാറി നിൽക്കുന്ന ലീഗ് നേതാക്കൾ ഗണേശ വിഗ്രഹത്തിന് മുന്നിൽ മുട്ടിലിഴഞ്ഞെന്നും, പാണക്കാട്ടെ തങ്ങൾമാർ ബാബാ രാംദേവിനെ കെട്ടിപ്പിടിച്ചെന്നുമുള്ള സി.പി.എം അംഗം ജെയിംസ് മാത്യുവിന്റെ പരാമർശം ഭരണ - പ്രതിപക്ഷങ്ങൾ തമ്മിലുള്ള പോർവിളിയിൽ കലാശിച്ചു. പരാമർശത്തെ തുടർന്ന് ക്രമപ്രശ്‌നവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗിലെ പി.കെ. ബഷീറും എഴുന്നേറ്റു. എന്നാൽ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കില്ലെന്ന് മുസ്ലിംലീഗ് എം.എൽ.എ പ്രസംഗിച്ചെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കാൻ ലീഗ് മുന്നിട്ടിറങ്ങിയെന്നും ജെയിംസ് മാത്യു ആരോപിച്ചു. ലീഗിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടതോടെ ബഹളം മുർച്ഛിച്ചു. വസ്‌തുതകൾക്ക് നിരക്കാത്തതുണ്ടെങ്കിൽ രേഖകളിൽ നിന്ന് നീക്കാമെന്ന് സ്‌പീക്കർ പറഞ്ഞതോടെയാണ് ബഹളം ശമിച്ചത്. ബഹളത്തിന് മുന്നിലുണ്ടായ സി.പി.എമ്മിലെ ടി.വി. രാജേഷ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് താക്കോൽ കൊടുക്കൂ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. തോക്ക് കൊടുക്കൂ എന്നതിന് പകരം താക്കോൽ കൊടുക്കൂ എന്നൊക്കെ പറയുന്നതെന്തിനാണെന്നായിരുന്നു സ്‌പീക്കറുടെ ചോദ്യം.

പന്തീരാങ്കാവ് കേസിൽ മറുപടി പറയുമ്പോൾ മുഖ്യമന്ത്രി ആറു തവണ മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ പേര് പരാമർശിച്ചെന്നും അര തവണ പോലും മോദിയുടെയോ അമിത് ഷായുടെയോ പേര് പറഞ്ഞില്ലെന്നുമായിരുന്നു വി.ടി. ബൽറാമിന്റെ ആക്ഷേപം. മുഖ്യമന്ത്രി ദുരന്തമാണെന്നും ബൽറാം വിമർശിച്ചു. കേന്ദ്ര സർക്കാർ ബഡ്ജറ്രിനെ പുകഴ്‌ത്തിയായിരുന്നു പ്രതിപക്ഷത്തെ പി.ജെ. ജോസഫിന്റെ പരാമർശം. കാർഷിക മേഖലയ്ക്കും മത്സ്യ ബന്ധന പദ്ധതികൾക്കുമുള്ള കേന്ദ്ര പദ്ധതികൾ കേരളം പ്രയോജനപ്പെടുത്തണമെന്നും ജോസഫ് നിർദ്ദേശിച്ചു.