ചെ ഗുവേരയിൽ നിന്നുകൊണ്ട് മാവോ, സ്റ്റാലിൻ വഴി സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പിണറായിവ്യാഖ്യാനം ചെന്നെത്തി നിൽക്കുക അമിത്ഷായിലായിപ്പോകുന്നത് അമിത്ഷായുടെ ദോഷമല്ല. തന്നിൽത്തന്നെ ഉറങ്ങിക്കിടക്കുന്ന ദോഷൈകദൃക്കിന്റെ സ്വാധീനത്താലാണ്, താൻ നിൽക്കുന്നത് കേരള നിയമസഭയിലാണോ പാർലമെന്റിലാണോ എന്നും തന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നത് പിണറായി വിജയനാണോ അമിത്ഷായാണോ എന്നുമുള്ള 'വർണ്ണ്യത്തിലാശങ്ക' ചെന്നിത്തലയിലുണ്ടായത്.
പന്തീരാങ്കാവിലെ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരായ യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്തതോടെ നാല് മാസമായി തടവിൽ കഴിയുന്ന ഇവരുടെ ഭാവി ഇരുളടഞ്ഞെന്നാരോപിച്ച് അടിയന്തരപ്രമേയം കൊണ്ടുവന്നത് എം.കെ. മുനീറിന്റെ നേതൃത്വത്തിലാണ്.
മുഖ്യമന്ത്രിയുടെ കണക്കിൽ എല്ലാം കോൺഗ്രസ് നേതാവായ പി. ചിദംബരം വരുത്തിവച്ച പിഴ. പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന നിയമഭേദഗതിപ്രകാരം സംസ്ഥാനസർക്കാരിനെ മറികടന്ന് എൻ.ഐ.എയ്ക്ക് സ്വമേധയാ കേസെടുക്കാമെന്നതിനാൽ സംസ്ഥാനസർക്കാരിന് ഇതിലൊരു പങ്കുമില്ലെന്ന് അദ്ദേഹം കൈമലർത്തി. കേസ് ഏതായാലും വിചാരണസമയത്ത് യു.എ.പി.എ ഉപദേശകസമിതിക്ക് പരിശോധിക്കാനാകുമെന്ന സാദ്ധ്യതയെ പോലും തച്ചുതകർത്തത് ചിദംബരത്തിന്റെ ഭേദഗതിയാണെന്നാണ് പിണറായിപക്ഷം. ഒരു നിയമമുണ്ടാക്കിവച്ചാൽ അന്വേഷണ ഏജൻസികൾ അതെങ്ങനെ ഉപയോഗിക്കുമെന്നുകൂടി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ, പ്രതിപക്ഷം യഥാർത്ഥത്തിൽ അടിയന്തരപ്രമേയം കൊണ്ടുവരേണ്ടിയിരുന്നത് സ്വന്തം ചിദംബരത്തിനെതിരെയായിരുന്നില്ലേ എന്ന് തോന്നിപ്പോയി!
എൻ.ഐ.എയെ ആര് കൊണ്ടുവന്നാലും അവർക്ക് വെറുതെവന്ന് കേസെടുത്ത് പോകാനാവില്ലെന്ന് മുനീർ പറഞ്ഞുനോക്കി. സി.പി.എമ്മിന്റെ ഭരണഘടനയും ഒ. അബ്ദുറഹ്മാന്റെ പുസ്തകവും മാവോയിസത്തിന് തെളിവായി ഈ ചെറുപ്പക്കാരിൽ നിന്ന് കണ്ടുകെട്ടിയത് മുനീറിൽ ആധിയുണർത്തി: 'ഇ.എം.എസിന്റെ കൃതികളും ഗോൾവാർക്കറുടെ പുസ്തകവും തന്റെ വീട്ടിലുള്ളത് കൊണ്ട് താൻ സി.പി.എമ്മാണെന്നും ആർ.എസ്.എസാണെന്നും പറയുമോ?'
എൻ.ഐ.എ ഏറ്റെടുത്ത കേസ് തിരിച്ചുവിളിക്കാനാകുമെന്ന് മുനീറും, തിരിച്ചുവിളിക്കണമെങ്കിൽ താൻ അമിത്ഷായ്ക്ക് മുന്നിൽ കത്തുമായി ചെല്ലണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഡൽഹിയിൽ പോയി അമിത്ഷായ്ക്ക് പൂച്ചെണ്ട് കൊടുത്ത അങ്ങേയ്ക്ക് ഒരു കത്ത് കൊടുത്താലെന്താ എന്നാണ് പ്രതിപക്ഷനേതാവിന്റെ ന്യായമായ സംശയം!
പത്ത് കൊല്ലം മുമ്പൊരു കൊല്ലൻ ഉണ്ടാക്കിയ കത്തി കൊണ്ട് താനൊരാളെ കുത്തി, അതിനാൽ കേസിൽ പ്രതിയാകേണ്ടത് കത്തിയുണ്ടാക്കിയ കൊല്ലനാണ് എന്ന ന്യായം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വി.ടി. ബൽറാം ദർശിച്ചത് നന്ദിപ്രമേയചർച്ചയിൽ പ്രസംഗിക്കുമ്പോഴാണ്.
ഗവർണർക്കെതിരായ പ്രതിപക്ഷനേതാവിന്റെ പ്രമേയം പരിഗണിക്കേണ്ടെന്ന കാര്യോപദേശകസമിതിയുടെ റിപ്പോർട്ട് ചോർന്നെന്ന് സ്പീക്കർ കണ്ടെത്തി. 'മാദ്ധ്യമങ്ങൾ കിനിഞ്ഞിറങ്ങുകയും വളച്ചുവയ്ക്കുകയും ചെയ്യുന്ന' കാലമായതിനാൽ അദ്ദേഹം ക്ഷമിച്ചെന്ന് തോന്നുന്നു. ആവർത്തിക്കരുതെന്ന് റൂളിംഗ് നൽകാനദ്ദേഹം മറന്നില്ല.
കഴിഞ്ഞദിവസം ഇ.എം.എസിനെതിരെ ലീഗ് അംഗം എൻ.എ. നെല്ലിക്കുന്ന് പറഞ്ഞതിന് ജെയിംസ് മാത്യു കണക്കിന് തിരിച്ചുപറഞ്ഞു. വിളക്ക് കൊളുത്താൻ കൂട്ടാക്കാത്ത ലീഗുകാർ ഗണേശോത്സവത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുകയും ബാബാ രാംദേവിനെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണത്രെ. ഈ നില തുടർന്നാൽ സംസ്ഥാനദുരന്തമായി ലീഗിനെ നാട് പ്രഖ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരം നാടകമെന്ന് പറഞ്ഞ ബി.ജെ.പി എം.പിക്കെതിരെ സഭ പ്രതിഷേധിച്ചു. ആ എം.പിയുടെ നാക്ക് പുഴുത്തുപോകുമെന്ന് നന്ദിപ്രമേയചർച്ചയിൽ അൻവർസാദത്ത് ശപിച്ചു.