ബാലരാമപുരം: കഴക്കൂട്ടം - കാരോട് ബൈപാസിനായി വസ്‌തു നൽകിയവരുടെ ആർബിട്രേഷൻ നടപടികൾ നാളെ പുനരാരംഭിക്കും. കോട്ടുകാൽ,​ കാഞ്ഞിരംകുളം,​ തിരുപുറം,​ ചെങ്കൽ,​ കാരോട് വില്ലേജുകളിലെ പരാതികളാണ് ജില്ലാ കളക്ടർ പരിശോധിക്കുക. ആക്‌ഷൻ കൗൺസിൽ രക്ഷാധികാരിയും മുൻ എം.എൽ.എയുമായ ജമീലാപ്രകാശത്തിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2014ൽ വസ്‌തു ഏറ്റെടുത്ത ശേഷം 350 പരാതികൾ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിച്ചിരുന്നു. ജില്ലാ കളക്ടറായിരുന്ന വെങ്കിടേസപതി 165 പേർക്ക് 15 ശതമാനവും വാസുകി 185 പേർക്ക് 50 ശതമാനം വർദ്ധനവും ശുപാർശ ചെയ്‌തത്. എന്നാൽ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ആർബിട്രേഷൻ നടപടികൾ നീണ്ടുപോകുകയായിരുന്നു. നിലവിൽ ലഭ്യമായിട്ടുള്ള പരാതികൾക്ക് ആറുമാസത്തിനുള്ളിൽ തീർപ്പുണ്ടാകണമെന്ന് ആക്‌ഷൻ കൗൺസിൽ ചെയർമാൻ വി. സുധാകരൻ പറഞ്ഞു.