കാട്ടാക്കട: അമ്പലത്തിൻകാലയിൽ ഭൂവുടമയായ സംഗീതിനെ ജെ.സി.ബിക്ക് കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി തെളിവെടുപ്പിനെത്തിയ പൊലീസിനു നേരെ ബന്ധുക്കളുടെ പ്രതിഷേധം. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തെളിവെടുപ്പിനായി ഉത്തമൻ, സജു എന്നിവരുൾപ്പെടെ പത്തു പ്രതികളെ ഇന്നലെ രാവിലെ ആറോടെ അമ്പലത്തിൻകാല കാഞ്ഞിരംവിളയിൽ സംഗീതിന്റെ വീട്ടുവളപ്പിലെത്തിച്ചത്. ജെ.സി.ബി ഡ്രൈവർ വിജിനുമായാണ് ആദ്യം തെളിവെടുത്തത്. മണ്ണെടുത്ത സ്ഥലവും വഴി ഉണ്ടാക്കി ജെ.സി.ബി പുറത്തിറക്കിയതുമെല്ലാം വിജിൻ വിവരിച്ചു.
ഉത്തമനെയും സജുവിനെയും ബിനുവിനെയും പുറത്തിറക്കിയതോടെയാണ് സംഗീതിന്റെ വീട്ടുകാർ ബഹളമുണ്ടാക്കിയത്. ഭൂമാഫിയയെ വളർത്തുന്ന പൊലീസുകാരാണ് കൊലപാതകത്തിന് ഉത്തരവാദികളെന്ന് വീട്ടുകാർ ആക്രോശിച്ചു. സ്ത്രീകളടക്കമുള്ള ബന്ധുക്കൾ പ്രതികൾക്ക് നേരെ മണ്ണ് വാരിയിട്ട് ശപിച്ചു. ആറ് പ്രതികളെയാണ് വാഹനത്തിൽ നിന്നിറക്കിയത്. എന്നാൽ സഹായികളെ സ്ഥലത്തിറക്കിയില്ല. പ്രതികളെ പുലർച്ചെ എത്തിച്ചതിനാൽ വീടിന്റെ പരിസരത്തുള്ളവർ മാത്രമാണ് സംഭവമറിഞ്ഞെത്തിയത്.
പ്രതികൾ ഒളിവിൽ താമസിച്ച തൃപ്പരപ്പുൾപ്പെടെയുള്ള സ്ഥലങ്ങളിലും, വാഹനങ്ങളൊളിപ്പിച്ച ഇടങ്ങളിലും തെളിവെടുത്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടു പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് ടിപ്പർ, ഒരു ജെ.സി.ബി, ബൈക്ക് എന്നിവ കൂടാതെ പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടറും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു. ഒപ്പം പ്രതികൾ സംഭവശേഷം കാട്ടാക്കടയിൽ നിന്ന് രക്ഷപ്പെടാൻ വാടകയ്‌ക്ക് വിളിച്ച എക്‌സ് യു.വി വാഹനവും പൊലീസ് കണ്ടെത്തി. എന്നാൽ ഉടമ വീട് പൂട്ടിപ്പോയതിനാൽ വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ല.
അന്വേഷണം തൃപ്‌തികരമല്ലെന്ന് വീട്ടുകാർ
തെളിവെടുപ്പിനെത്തിച്ച പ്രധാന പ്രതികളെ തങ്ങളെ കാണിച്ചില്ലെന്നും കാട്ടാക്കട പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സംഗീതിന്റെ വീട്ടുകാരും ബന്ധുക്കളും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം: പൊലീസ്
തെളിവെടുപ്പാണ് നടക്കുന്നതെന്നും സാക്ഷികളുമായുള്ള തിരിച്ചറിയൽ നടപടികൾ നടക്കേണ്ടതുണ്ടെന്നും കാട്ടാക്കട ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ പറഞ്ഞു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്ന മുറയ്‌ക്ക് കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.