തിരുവനന്തപുരം: 22ന് നടക്കുന്ന കെ.എ.എസ് പ്രാഥമിക പരീക്ഷയ്ക്ക് രണ്ട് നിറത്തിലുള്ള ചോദ്യപേപ്പറുകൾ നൽകും. രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന ജനറൽ സ്റ്റഡീസിന്റെ രണ്ടു പേപ്പറുകൾക്കാണ് വ്യത്യസ്ത നിറത്തിലുള്ള ചോദ്യപേപ്പറുകൾ. രണ്ടു ഘട്ടമായി നടക്കുന്ന പരീക്ഷയിൽ 200 ചോദ്യങ്ങളാണുള്ളത്. ആദ്യമായിട്ടാണ് ഒരേ ദിവസം രാവിലെയും ഉച്ചയ്ക്കുമായി പി.എസ്.സി ഇത്തരത്തിലൊരു വലിയ പരീക്ഷ നടത്തുന്നത്.
രാവിലെ ജനറൽ സ്റ്റഡീസിന്റെ ആദ്യ പേപ്പർ എഴുത്താത്തവരെ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയ്ക്ക് ഇരുത്തില്ല. രാവിലെ പരീക്ഷ എഴുതുന്നവരുടെ ഹാജരെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഉച്ചയ്ക്കു ശേഷം പ്രവേശിപ്പിക്കൂ. ഇതു സംബന്ധിച്ച് പി.എസ്.സി നിർദ്ദേശം നൽകി.
പരീക്ഷയുടെ പൂർണ ഉത്തരവാദിത്വം ചീഫ് സൂപ്രണ്ടിനായിരിക്കും. അസിസ്റ്റന്റ് സൂപ്രണ്ടുമാരായ അദ്ധ്യാപകർക്കായിരിക്കും ഇൻവിജിലേറ്ററുടെ ചുമതല. പരീക്ഷാ സമയത്ത് ക്രമക്കേട് നടന്നാൽ അതിന്റെ ഉത്തരവാദിത്വം ഇൻവിജിലേറ്റർക്കായിരിക്കും. പരീക്ഷയ്ക്ക് മുമ്പ് ഇതുസംബന്ധിച്ച സത്യപ്രസ്താവന അദ്ധ്യാപകർ പി.എസ്.സിക്ക് ഒപ്പിട്ട് നൽകണം. പരീക്ഷ നടക്കുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമേ ഉദ്യോഗാർത്ഥികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കൂ.
പരീക്ഷാ കേന്ദ്രത്തിൽ രണ്ട് പൊലീസുകാർ
ഓരോ പരീക്ഷാ കേന്ദ്രത്തിനു പുറത്തും ഒരു വനിതയടക്കം രണ്ട് പൊലീസുകാർ ഡ്യൂട്ടിയിൽ ഉണ്ടാകും. ഇവർക്ക് പരീക്ഷാഹാളിൽ പ്രവേശനം ഉണ്ടാകില്ല. സംശയം തോന്നുന്ന ഉദ്യോഗാർത്ഥികളുടെ ദേഹപരിശോധന ഉൾപ്പെടെ ഇൻവിജിലേറ്റർമാർക്ക് പൊലീസുകാരുടെ സഹായത്തോടെ നടത്താം.