road

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ ഇനി ഹൈടെക്. കുറവൻകുഴി - തൊളിക്കുഴി- മൂന്നു കല്ലിൻമൂട്, കിളിമാനൂർ പൊലീസ് സ്റ്റേഷൻ - മൊട്ടക്കുഴി-അനന്ദൻ മുക്ക് എന്നി റോഡുകളുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളാണ് ത്വരിതഗതിയിൽ നടക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന റോഡുകളുടെ വീതി കൂട്ടിയും കലിംഗുകളുടെ സ്ഥാനത്ത് പാലം പണിതും സൈഡു വാൾ കെട്ടിയും, സംരക്ഷണ ഭിത്തി കെട്ടിയും, പുറമ്പോക്ക് ഭൂമി ഏറ്റെടുത്തുമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം ജില്ലയെ കൊല്ലം ജില്ലയുമായി ബന്ധിപ്പിക്കുന്ന കുറവൻ കുഴി തൊളിക്കുഴി റോഡിൽ അടയമണിൽ ഉണ്ടായിരുന്ന കലിംഗ് പൊളിച്ച് നാലിരട്ടി വലിപ്പത്തിലുള്ള പാലം നിർമ്മിച്ചു കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നു കൊടുത്തു.കഴിഞ്ഞ കുറെ നാളുകളായി മഴക്കാലത്ത് വെള്ളക്കെട്ടും, വലിയ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുമായി കിടന്നിരുന്ന ഇവിടെ വലിയ പാലം വന്നതോടെ ഒരേ സമയം നിരവധി വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യവുമായി. കുറവൻ കുഴി- തൊളിക്കുഴി റോഡിന്റെയും, പോലീസ് സ്റ്റേഷൻ - മൊട്ടക്കുഴി- ആനന്ദൻ മുക്ക് റോഡിന്റയും രണ്ടാം ഘട്ട വികസനമാണ് നിലവിൽ നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ മലയോര പാതകൾ മിക്കതും ആധുനിക നിലവാരത്തിലായി തീരും.