crpf

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീകരവാദികൾ തമ്മിൽ ബന്ധങ്ങളുണ്ടെന്നും, മാവോയിസ്റ്റ് പ്രശ്‌നത്തിൽ ചില സംഘടനകൾക്ക് വലിയ താത്പര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഡോ. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതിസാഹസികമായ നടപടികളിൽ ആകർഷിക്കപ്പെട്ട് വഴിതെറ്റുന്ന ചെറുപ്പക്കാരെ തിരിച്ചുകൊണ്ടുവരണം.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 134 യു.എ.പി.എ കേസുകളെടുത്തത് അന്നത്തെ ആഭ്യന്തരമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. 134 എണ്ണത്തിൽ ഒന്ന് കതിരൂർ മനോജ് വധമാണ്. അത് രാഷ്ട്രീയകേസായിട്ടുപോലും യു.എ.പി.എ ചുമത്തി. പി. ജയരാജനെ പ്രതിയും ചേർത്തു. ആർ.എസ്.എസ് നേതാക്കൾ വന്നുകണ്ട കാര്യം സംബന്ധിച്ച ചോദ്യത്തിന് പോലും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മറുപടി പറയുന്നില്ല. ആ പരിചയം വച്ചാണ് ഇതും പറയുന്നത്. ആ ശീലം തങ്ങൾക്കില്ല.
പൊലീസ് നിരീക്ഷിക്കുന്നവരുടെ പട്ടിക ആഭ്യന്തരമന്ത്രിക്ക് നൽകുമോയെന്ന് ചെന്നിത്തല വ്യക്തമാക്കട്ടെ. സംസ്ഥാനത്തെ യു.എ.പി.എ ചുമത്തിയ പല കേസുകളും ജുഡിഷ്യൽ സംവിധാനത്തിലൂടെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിരവധി കരിനിയമങ്ങളുണ്ടായിട്ടുണ്ട്. അത് ദുരുപയോഗം ചെയ്തതും കോൺഗ്രസ് ആണ്. ഇടതുമുന്നണിയെ രാഷ്ട്രീയമായി തകർക്കാൻ മാവോയിസ്റ്റുകളെ ന്യായീകരിക്കാനുള്ള വ്യഗ്രത നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.