chennithala

തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷനേതാവിന്റെ പ്രമേയം പരിഗണിക്കേണ്ടെന്ന നിയമസഭാ കാര്യോപദേശകസമിതിയുടെ തീരുമാനം സഭയിൽ വയ്ക്കും മുമ്പ് പുറത്ത് ചർച്ചയായത് സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ റൂളിംഗ്. സഭയുടെ അവകാശലംഘനത്തിന്റെ പേരിൽ നടപടിയെടുക്കാൻ പര്യാപ്തമാണിത്. ഭാവിയിൽ ഇതാവർത്തിക്കരുതെന്നും റൂളിംഗിൽ വ്യക്തമാക്കി.

പ്രതിപക്ഷനേതാവിൽ നിന്നാണ് സമിതി തീരുമാനങ്ങൾ പുറത്ത് പോയതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ല. കാര്യോപദേശകസമിതി തീരുമാനങ്ങൾ മന്ത്രി എ.കെ. ബാലൻ പുറത്ത് പറഞ്ഞെന്ന് ആരോപിച്ചാണ് ലീഗ് അംഗം എം. ഉമ്മർ ആണ് കഴിഞ്ഞ ദിവസം ക്രമപ്രശ്നമുന്നയിച്ചത്. എന്നാൽ,വീഡിയോ ക്ലിപ്പിംഗുകൾ പരിശോധിച്ചതിൽ മന്ത്രി ബാലൻ അത്തരത്തിൽ പരാമർശം നടത്തിയിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടതായി സ്പീക്കർ പറഞ്ഞു. 'മാദ്ധ്യമങ്ങൾ നമ്മിലേക്ക് കിനിഞ്ഞിറങ്ങുകയും നമ്മൾ മാദ്ധ്യമങ്ങളാൽ വളഞ്ഞുവയ്ക്കപ്പെടുകയും ചെയ്യുന്ന കാലമാണെന്നത് എല്ലാവരും ജാഗ്രതയോടെ കാണണം' -സ്പീക്കർ മുന്നറിയിപ്പ് നൽകി.

കാര്യോപദേശക സമിതി തീരുമാനം മന്ത്രി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാവണം പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ചർച്ചയുടെ വിശദാംശം പറഞ്ഞത് .പിന്നീട് ലേഖനത്തിലും സമിതി തീരുമാനവും ചർച്ചയും സംബന്ധിച്ച വ്യക്തമായ പരാമർശങ്ങളുൾപ്പെടുത്തി. മാദ്ധ്യമ സ്വാതന്ത്ര്യം എന്നത് പോലെ, സഭയുടെ അവകാശങ്ങളും അധികാരവും പ്രധാനമാണ്. സഭ അംഗീകരിച്ചിട്ടില്ലാത്ത കാര്യോപദേശകസമിതിയുടെ റിപ്പോർട്ട് മാദ്ധ്യമചർച്ചയ്ക്ക് വിധേയമാകുന്നത് അത്യന്തം നിർഭാഗ്യകരമാണ്- സ്പീക്കർ ചൂണ്ടിക്കാട്ടി.