നാൽപ്പത്തിയൊന്നുവർഷം ശിവഗിരി മഠത്തിൽ ശാന്തിയായി, തന്ത്രിയായി ത്യാഗപൂർണമായ ജീവിതം നയിച്ച സുഗതൻ തന്ത്രിയുടെ ഒാർമ്മ ശിവഗിരിയിലെ നിത്യസന്ദർശകരുടെ മനസിൽ മായാതെ ഇനിയും നിലനിൽക്കും. ചേർത്തലയിലെ വേളൂർവട്ടം ആൽച്ചിറ വീട്ടിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച് ചേർത്തലയിലെ ഒറ്റപുന്ന കൊട്ടാരം സ്കൂൾ, കണ്ഡമംഗലം ഹൈസ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ പഠനത്തോടൊപ്പം തന്നെ സ്വപിതാവിൽ നിന്നും പൂജാപഠനവും അഭ്യസിച്ച് തുടങ്ങിയിരുന്നു അദ്ദേഹം. പിന്നീട് പി.ജി ബാലകൃഷ്ണൻ തന്ത്രിയിൽനിന്നും തന്ത്രവിദ്യയിൽ തുടർ പഠനത്തോടൊപ്പം ക്ഷേത്രപൂജയും സ്വായത്തമാക്കി. ശിഷ്യന്റെ പഠന മികവ് മനസിലാക്കിയ ബാലകൃഷ്ണൻ തന്ത്രികൾ 1979 ൽ ശിവഗിരി മഠത്തിൽ എത്തിച്ചു. വാഴമുട്ടം കുന്നുംപാറ ക്ഷേത്രത്തിൽ പൂജാരിയായി നിയമനം. വൈകാതെ വീണ്ടും ശിവഗിരിയിൽ എത്തിച്ചേർന്നു. അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന ഗീതാനന്ദസ്വാമികളുമായുള്ള ആത്മബന്ധം ശിവഗിരിയിൽ ചുമതല ഏൽക്കാൻ പ്രേരണയായി. അന്നത്തെ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശാനന്ദ സ്വാമിയിൽനിന്ന് ശാരദാ മഠത്തിന്റെ താക്കോൽ വാങ്ങി ചുമതല ഏറ്റു. ആ പവിത്ര മുഹൂർത്തത്തെ കുറിച്ച് തന്ത്രികൾ പലപ്പോഴും സംഭാഷണങ്ങളിൽ ഒാർമ്മിപ്പിക്കുമായിരുന്നു.ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാരുമായും അന്തേവാസികളുമായും സ്നേഹപൂർണമായി പെരുമാറുകയും ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരും സ്നേഹപൂർവം ശാന്തിഅണ്ണൻ എന്ന് വിളിച്ചിരുന്നു.
1987 ൽ ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ തന്ത്രവിദ്യാ കോഴ്സിലെ 25 വിദ്യാർത്ഥികളിൽ ഒരാൾ സുഗതൻ തന്ത്രിയായിരുന്നു. തന്ത്രവിദ്യയുടെ ആചാര്യനായിരുന്ന പറവൂർ ശ്രീധരൻതന്ത്രികളും അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു.
ശിവഗിരി മഠത്തിന്റെ തന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യപ്രതിഷ്ഠ ഗുരുദേവൻ തപസു ചെയ്ത അരുവിപ്പുറം കൊടിതൂക്കിമലയിലെ ഗണപതി വിഗ്രഹമായിരുന്നു. തുടർന്ന് അരുവിപ്പുറം ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയുടെയും മുഖ്യകാർമ്മികനായി. ഇൗ ലേഖകനും അദ്ദേഹത്തോടൊപ്പം പ്രതിഷ്ഠാകർമ്മങ്ങളിൽ പങ്കെടുത്തിരുന്നു. തുടർന്ന് അനേകം ദേവീദേവന്മാരുടെ പ്രതിഷ്ഠകൾ നടത്തി. ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശതാബ്ദി ആഘോഷ സമയത്ത് അഷ്ടബന്ധ നവീകരണവും സഹസ്രകലശ പൂജയും നടത്തി.കൂടാതെ 200 ൽ അധികം ക്ഷേത്രങ്ങളുടെ തന്ത്രാവകാശവും സുഗതൻ തന്ത്രിക്കായിരുന്നു.
തന്ത്രിയുടെ ഷഷ്ടിപൂർത്തി 2013 ൽ ശിവഗിരി മഠത്തിൽ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചിരുന്നു. ശ്രീനാരായണഗുരുദേവന്റെ വൈദിക താന്ത്രിക മേഖലയിലെ ദാർശനിക സംഭാവനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഷഷ്ടിപൂർത്തി സ്മരണിക-സുഗത പൂർണിമ -ഇൗ മേഖലയിലെ ഒരു റഫറൻസ് ഗ്രന്ഥമായി തന്നെ വിലയിരുത്തപ്പെടുന്നു.
ശാസ്ത്രീയമായി പൂജ പഠിപ്പിക്കുവാൻ വേണ്ടി സുഗതൻ തന്ത്രികൾ മുഖ്യ ആചാര്യനായി ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ പോഷക സംഘടനയായി ശിവഗിരി ശ്രീനാരായണ ധർമ്മ വൈദീക പ്രചാരണസഭ രൂപീകരിക്കുകയും ചെയ്തു. വൈദീക പ്രചാരണ സഭയെ ദേവസ്വം ബോർഡ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഗുരുദേവ ദർശനം, സംസ്കൃതം, ജ്യോതിഷം, വാസ്തു, പൂജ എന്നീ വിഷയങ്ങളിൽ മൂന്നുവർഷത്തെ പഠന കോഴ്സ് ആരംഭിച്ചു. ശിവഗിരിമഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ് കോഴ്സ് ഉദ്ഘാടനം ചെയ്ത് അനുഗ്രഹിച്ചത്. തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ പോയി തിരിച്ചുവരവെ കഴിഞ്ഞ 25ന് രാത്രി 12.15ന് പെട്ടെന്നുണ്ടായ അസുഖം നിമിത്തം അദ്ദേഹത്തിന്റെ ആത്മാവ് അനശ്വരതയിൽ വിലയം പ്രാപിക്കുകയായിരുന്നു. സുഗതൻ തന്ത്രിയുടെ വിയോഗത്തിലൂടെ വൈദിക താന്ത്രിക മേഖലയ്ക്ക്അപര്യഹാര്യമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
(ശിവഗിരി ശ്രീനാരായണധർമ്മ വൈദിക സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)