ആറ്റിങ്ങൽ: സമയക്രമീകരണ ചർച്ചയ്‌ക്കായി ആർ.ടി ഓഫീസിലെത്തിയ രണ്ട് സ്വകാര്യ ബസ് ഉടമകൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ ജീവനക്കാർ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം. ആറ്റിങ്ങൽ - വർക്കല റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനാണ് ഇന്നലെ ആർ.ടി.ഒ ബസ് ഉടമകളെ വിളിച്ചുവരുത്തിയത്. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കം വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെയാണ് ഉടമകൾക്കൊപ്പമെത്തിയ ജീവനക്കാർ ഏറ്റുമുട്ടിയത്. ആർ.ടി.ഒ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ജീവനക്കാരെ പിടിച്ചുമാറ്റുന്നതിനിടെ പരിക്കേറ്റ ബസ് ഉടമകളെ ആശുപത്രിയിലേക്ക് മാറ്റി.