തിരുവനന്തപുരം: സാധനങ്ങളുടെ ബില്ല് ഉപഭോക്താക്കൾ ചോദിച്ച് വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ലോട്ടറി മാതൃകയിൽ പ്രത്യേക സമ്മാനപദ്ധതി നടപ്പിലാക്കുന്നു. ഓരോ ജി.എസ്.ടി ബില്ലും ഓരോ ലോട്ടറി ടിക്കറ്രായി പരിഗണിച്ച് നറുക്കെടുപ്പിൽ ജയിക്കുന്നവർക്ക് 10ലക്ഷം മുതൽ ഒരു കോടി രൂപ വരെ സമ്മാനമായി നൽകുന്നതാണ് പദ്ധതി. നികുതി വെട്ടിക്കാനായി വ്യാപാരികൾ ബിൽ നൽകാതെ വ്യാപാരം നടത്തുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് സമ്മാനപദ്ധതി നടപ്പാക്കുന്നത്. അടുത്ത ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചാൽ പദ്ധതി നിലവിൽ വരും. പ്രധാനമായും 5%,12%,18%,28% എന്നിങ്ങനെ നികുതിയുള്ള നാല് സ്ലാബുകളാണ് ജി.എസ്.ടിയിലുള്ളത്.നാല് സ്ലാബുകൾക്കും പ്രത്യേകം നറുക്കെടുപ്പ് ഉണ്ടാകും.
പദ്ധതി ഇങ്ങനെ
ബില്ലോടുകൂടി ഒരാൾ ഒരു സാധനം വാങ്ങുമ്പോൾ ആ ബിൽ നമ്പർ ഒരു ലോട്ടറി ടിക്കറ്രായി മാറും.
എല്ലാ മാസവും നറുക്കെടുപ്പിലൂടെ വിജയികളുടെ ബിൽ നമ്പരുകൾ പ്രഖ്യാപിക്കും.
ലോട്ടറി അടിച്ച ആൾ ബില്ല് ഹാജരാക്കിയാൽ സമ്മാനത്തുക കിട്ടും.
കൺസ്യൂമർ വെൽഫെയർ ഫണ്ട്
ഇപ്പോൾ ജി.എസ്. ടിക്ക് ഒരു കൺസ്യൂമർ വെൽഫെയർ ഫണ്ട് ഉണ്ട്. ജി.എസ് ടി നിയമങ്ങൾ ലംഘിക്കുന്ന വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന പിഴ ഈ ഫണ്ടിലേക്കാണ് പോകുന്നത്. ഈ ഫണ്ടിൽ നിന്നായിരിക്കും സമ്മാനത്തുക കണ്ടെത്തുക.