തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന ഒരുവിധം പൂർത്തിയാക്കിയതിനു പിന്നാലെ സംസ്ഥാന യൂത്ത് കോൺഗ്രസിനും ജംബോ കമ്മിറ്റി വരുന്നു. അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് സമിതി നിർദ്ദേശപ്രകാരമുള്ള നാമനിർദ്ദേശ പത്രികാസമർപ്പണത്തിനുള്ള സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചപ്പോൾ സംസ്ഥാന, ജില്ലാ കമ്മിറ്റികളിലേക്ക് പത്രികകൾ സമർപ്പിച്ചിരിക്കുന്നത് നൂറ്റിയമ്പതോളം പേർ. തിരുവനന്തപുരം ജില്ലയിൽ നിന്ന് 22ഉം എറണാകുളത്തുനിന്ന് 25ഉം പേർ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പുകൾ തമ്മിലെ സമവായ ധാരണപ്രകാരം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ നിന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആണ് പത്രിക നൽകിയിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ.എസ്. ശബരീനാഥൻ എം.എൽ.എ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നൽകിയിട്ടുണ്ട്. ഷാഫിയും ശബരിയും ഭാരവാഹികളാകുമെന്ന് ഏതാണ്ടുറപ്പായി. ഇതോടെ ഒരാൾക്ക് ഒരു പദവി സംവിധാനം യൂത്ത് കോൺഗ്രസിൽ നടപ്പാവില്ലെന്നായി. ശബരിക്ക് പുറമേ മൂന്ന് വൈസ് പ്രസിഡന്റുമാർ കൂടിയെത്തും. രണ്ടെണ്ണം പട്ടികവിഭാഗ, വനിതാ സംവരണങ്ങളായിരിക്കും.
14 ജില്ലകളിലും ഓരോ ആൾ വീതമാണ് പ്രസിഡന്റാവാനായി ജില്ലാകമ്മിറ്റികളിലേക്ക് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പുകളുടെ താത്പര്യാർത്ഥം സംസ്ഥാനകമ്മിറ്റിയിലേക്ക് പത്രിക നൽകിയവരിൽ ചിലർക്കെതിരെ പരാതികളുമുയർന്നിട്ടുണ്ട്. പ്രായത്തിൽ കൃത്രിമം കാട്ടി തലസ്ഥാനജില്ലയിൽ നിന്ന് ഒരാൾ പത്രിക നൽകിയതായി പരാതിയുണ്ട്. ഐ ഗ്രൂപ്പിന്റെ ക്വാട്ടയിലായതിനാൽ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനയച്ച പരാതിയുടെ പകർപ്പ് പ്രതിപക്ഷനേതാവിനും കൈമാറിയിട്ടുണ്ട്. ജില്ലയിലെ പ്രമുഖ ജനപ്രതിനിധിയുടെ ആശീർവാദത്തോടെയാണ് ഈ പത്രികയെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്ന നിലപാടായിരുന്നു സംസ്ഥാന ഘടകത്തിനും കെ.പി.സി.സി നേതൃത്വത്തിനും. എന്നാൽ അഖിലേന്ത്യാ യൂത്ത് നേതൃത്വം തിരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലുറച്ചുനിന്നു. അവരെയും തൃപ്തിപ്പെടുത്തിയുള്ള സമവായ ഫോർമുല എന്ന നിലയിലാണിപ്പോൾ നാമനിർദ്ദേശ പത്രിക നൽകിത്തന്നെ ഭാരവാഹികളെ നിശ്ചയിക്കാൻ തീരുമാനിച്ചത്.
1983 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്കാണ് പത്രിക സമർപ്പിക്കാനുള്ള യോഗ്യത. എന്നാൽ, 37 വയസ് പ്രായപരിധിയിൽ നേരിയ ഇളവനുവദിച്ചു. ഇത് സംസ്ഥാന നേതൃത്വത്തിലേക്ക് നിർദ്ദേശിക്കപ്പെട്ടവർക്കുവേണ്ടിയാണെന്ന വാദവുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും രണ്ടാം പ്രളയവുമൊക്കെ കാരണം യൂത്ത് കോൺഗ്രസ് അംഗത്വം പുതുക്കൽ സമയബന്ധിതമാക്കാൻ സാധിക്കാതെ വന്നതിനാൽ അവസരം നഷ്ടപ്പെട്ടവർക്ക് ഒരവസരം കൂടി ലഭ്യമാക്കാനാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെയാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. അതിനുശേഷം എപ്പോൾ വേണമെങ്കിലും ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും. നൂറ്റിയമ്പതിലേറെ പത്രികകളുള്ളതു കൊണ്ടുതന്നെ ജനറൽസെക്രട്ടറി, സെക്രട്ടറി പദവികളിലേക്ക് ജംബോ പട്ടിക തന്നെ വരുമെന്നാണ് കണക്കുകൂട്ടൽ.