തിരുവനന്തപുരം : യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷിക സംരംഭകത്വം തുടങ്ങുന്നതിനുമായി കർമ്മപദ്ധതികൾക്കു രൂപം നൽകാൻ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്കുതലത്തിൽ 50 മുതൽ 100 വരെ യുവകർഷകർ ഉൾപ്പെടുന്ന ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനും ഇവർക്കു പ്രത്യേക ധനസഹായം പദ്ധതിയധിഷ്ഠിതമായി നൽകാനുമാണ് തീരുമാനം. വിവിധ കർഷക സ്റ്റാർട്ട്അപ്പുകൾ, സാങ്കേതിക വിദ്യകൾ, സംരംഭങ്ങൾ, കാർഷിക മേഖലാ സാധ്യതകൾ എന്നിവ ടെക്‌നോളജി മീറ്റിൽ യുവകർഷകർക്കായി പരിചയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കാർഷികോത്പാദന കമ്മിഷണർ ഡോ. ദേവേന്ദ്ര കുമാർ സിംഗ്, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.