പാറശാല: ഹൈസ്‌കൂൾ ആയാലും ഹയർസെക്കൻഡറി സ്‌കൂൾ ആയാലും കാരോട് ഗ്രാമപഞ്ചായത്തിലുള്ളത് ഒരേ ഒരു സ്‌കൂൾ മാത്രം - ശതാബ്ദി ആഘോഷിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള അയിര ഗവ.കെ.വി.എച്ച്.എസ്.എസ് എന്ന അയിര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകൾക്ക് പുറമെ പഞ്ചായത്തിലെ സാധാരണക്കാരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസവും പൂർത്തീകരിക്കുന്നതിനായുള്ള ഏക സ്‌കൂളാണെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും, സ്‌കൂളിന്റെ ഭരണം നടത്തുന്ന ജില്ലാ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് അവഗണനകൾ മാത്രമാണ്. ഇരുവിഭാഗങ്ങളിലുമായി 750 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിന് വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലെന്നതാണ് പി.ടി.എയുടെയും സ്‌കൂൾ അധികൃതരുടെയും പ്രധാന പരാതി. ഹയർസെക്കൻഡറി വിഭാഗത്തിലെ നിലവിലെ ക്ലാസ് മുറികൾ കുടുസ് മുറികളാണ്. ജില്ലയിൽ ഹയർസെക്കൻഡറി സ്‌കൂളുകളെല്ലാം ഹൈടെക് ആണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഇവിടത്തെ ക്ലാസുകൾ പഴയ ക്ലാസ് മുറികളിൽ പ്രവർത്തിക്കുന്നവയാണ്.

നൂറ് വർഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ രണ്ട് വരി കെട്ടിടങ്ങളിൽ ഒരെണ്ണത്തിൽ ഇപ്പോഴും ക്ളാസുകൾ നടന്നുവരികയാണ്. മറ്റൊന്ന് അനുയോജ്യമല്ലെന്ന കാരണത്താൽ പൂട്ടിയിട്ടിരിക്കുന്നു. ഇത്രയധികം വിദ്യാർത്ഥികൾ ഈ സ്‌കൂളിൽ പഠിക്കുകയാണെങ്കിലും വിദ്യാർത്ഥികളുടെ മാനസിക വളർച്ചക്കും ഉന്മേഷത്തിനും കാരണമാകുന്ന കളിസ്ഥലങ്ങൾ ഇവിടെ ഇല്ലെന്നുള്ളത് സ്‌കൂളിന്റെ പോരായ്മയാണ്. എന്നാൽ മേലധികാരികൾ ആരും തന്നെ ഇക്കാര്യം ചെവിക്കൊള്ളാറില്ലെന്നും പരാതിയുണ്ട്.

ക്ലാസുകൾ നടത്തി വരുന്ന സ്‌കൂളിലെ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നതാണ്. കുറെ കാലം പ്രവർത്തനം നിലച്ചിരുന്ന സ്‌കൂൾ ബസ് നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെങ്കിലും അടുത്ത വർഷത്തിൽ തുടർന്നും ഓടിക്കാൻ കഴിയാത്ത അവസ്ഥയാണ്. നൂറ് വർഷം മുൻപ് കൃഷ്ണവിലാസത്തിലെ വി. കൃഷ്ണപിള്ള ഒരു രൂപ മാത്രം വാങ്ങിക്കൊണ്ട് സർക്കാരിന് കൈമാറിയ സ്‌കൂളിനോട് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ നാട്ടുകാർക്കെന്ന പോലെ തന്നെ സ്‌കൂൾ സംഭാവന ചെയ്ത കുടുംബങ്ങൾക്കും പ്രതിഷേധമാണ് ഉള്ളത്.