കല്ലമ്പലം: ഇന്നത്തെ കാലത്ത് കുടുംബ കൂട്ടായ്മകൾ സാമൂഹിക സുരക്ഷയ്ക്ക് ഏറെ അനിവാര്യമാണെന്ന് ബി.സത്യൻ എം. എൽ.എ പറഞ്ഞു. മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ തോട്ടയ്ക്കാട്, പുത്തൻകോട്, കടുവയിൽകോണം, മേലേവിള തുടങ്ങിയ മേഖലകൾ ചേർത്ത് രൂപീകരിച്ച സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലമ്പലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഐ.ഫറോസ് മുഖ്യപ്രഭാഷണവും കിടപ്പുരോഗികൾക്കുള്ള വൈദ്യധനസഹായ വിതരണവും നിർവഹിച്ചു. ബാലവാടിയിലെ കുട്ടികൾക്ക് കിടക്കപ്പായ വിതരണം, കെ.ടി.സി.ടി ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, മണമ്പൂർ കൃഷിഭവനുമായി സഹകരിച്ച് 150 കുടുംബങ്ങൾക്ക് പച്ചക്കറിതൈകളും വിത്തും വിതരണം എന്നിവ സംഘടിപ്പിച്ചു. ഇലകമൺ പഞ്ചായത്ത് കൃഷി ആഫീസർ ബി. പ്രേമവല്ലി 'അടുക്കളത്തോട്ട നിർമ്മാണവും പരിപാലനവും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു. കലാ - കായിക - വിദ്യാഭ്യാസ മേഖലയിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികവു പുലർത്തിയ പത്ത് അംഗങ്ങൾക്ക് അവാർഡ് വിതരണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടന്നു. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. നഹാസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.രഞ്ജിനി, കൃഷി ആഫീസർ ബീന, മുൻ പഞ്ചായത്ത് പ്രസിഡന്റ് വരദരാജൻ.ബി, ജി. സത്യശീലൻ, സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ശശിധരൻ, സെക്രട്ടറി എം. ഖാലിദ്, വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, ട്രഷറർ റാഫി എന്നിവർ സംസാരിച്ചു.