തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരം ഒരു നാടകമായിരുന്നുവെന്ന മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ അനന്തകുമാർ ഹെഗ്‌ഡെയുടെ പ്രസ്താവനയെ നിയമസഭ അപലപിച്ചു. ഹെഗ്ഡെയുടെ വാക്കുകൾ രാഷ്ട്രപിതാവിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തെയും അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണെന്നും സഭ ഒറ്റക്കെട്ടായി അതിനെ അപലപിക്കണമെന്നും സബ്മിഷനിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിയമസഭ അപലപിക്കുന്നതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്നു കുത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ ഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും അപമാനിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നേരത്തെ ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂർ ഗാന്ധിജിയെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തിയതും, ഹിന്ദുമഹാസഭ നേതാവ് ശുകൻ പാണ്‌ഡെ ഗാന്ധിജിയുടെ ചിത്രത്തിലേക്ക്‌ പ്രതീകാത്മകമായി നിറയൊഴിച്ചതും തലകുനിച്ചുനിന്നു മാത്രമാണ് നമ്മൾ കേട്ടത്. ഗാന്ധിജിയുടെ നിരാഹാരം നാടകമാണെന്നും രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം കപടമാണെന്നും ബി.ജെ.പി നേതാവ് പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കരുതാൻ വയ്യ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെയും അവരെ നയിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയും പിന്തുണയോടെയാണ് ഇത്തരം ഭോഷ്‌ക്കുകൾ വിളമ്പുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു.