തിരുവനന്തപുരം: കുമ്മിയിൽ വാട്ടർ അതോറിട്ടിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങി. അപ്രതീക്ഷിതമായി ജലവിതരണം മുടങ്ങിയതോടെ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം കിട്ടാതെ ഒരു പകലും രാത്രിയും ജനം നെട്ടോട്ടമോടി. ജലശുദ്ധീകരണ ശാലയിലെ നവീകരണ ജോലികളെ തുടർന്ന് നിറുത്തിവച്ച ജലവിതരണം സാധാരണ നിലയിലേക്കെത്തിയതിന് പിന്നാലെയാണ് ഇരുട്ടടി പോലെ പൈപ്പ് പൊട്ടിയത്.
കുമ്മി ജലശുദ്ധീകരണ ശാലയ്ക്കു മുൻപിലുള്ള റോഡിലെ 1200 എം.എം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പിലാണ് ഇന്നലെ രാവിലെ ചോർച്ച കണ്ടെത്തിയത്. പൈപ്പിന്റെ ജോയിന്റിലുണ്ടായ വിള്ളലിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഉടൻ തന്നെ വാട്ടർ അതോറിട്ടി അധികൃതർ അറ്റകുറ്റപ്പണി തുടങ്ങി.ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷമാണ് ജോലികൾ തുടങ്ങിയത്. ചോർച്ച പരിഹരിക്കുന്നതിനായി 72 എം.എൽ.ഡി പ്ലാന്റിൽനിന്നുള്ള ജലവിതരണം ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് ഏഴു വരെ നിറുത്തിവച്ചു. ഇതോടെയാണ് കുടിവെള്ളം ക്ഷാമം ഉണ്ടായത്. ഇന്നലെ രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങിയവരെല്ലാം വെള്ളമില്ലാതെ ഏറെ ബുദ്ധിമുട്ടി. മുന്നറിയിപ്പില്ലാത്തതിനാൽ ആരും വെള്ളം കരുതിയിരുന്നുമില്ല. ആവശ്യങ്ങൾ നിറവേറ്റാൻ പലരും കുപ്പിവെള്ളത്തെയാണ് ആശ്രയിച്ചത്. വൈകിട്ട് 7.30 ഓടെ പമ്പിംഗ് പുനരാരംഭിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ മാത്രമേ വെള്ളം എത്തിയുള്ളൂ. ഉയർന്ന പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ മാത്രമേ ജലവിതരണം പൂർവസ്ഥിതിയിലാകൂ.
കുടിവെള്ളം മുട്ടിയത് ഇവിടെ
വഴുതക്കാട്, തൈക്കാട്, പാളയം, സ്റ്റാച്യു, പി.എം.ജി, ബാർട്ടൺഹിൽ, ഇടപ്പഴഞ്ഞി, കണ്ണമ്മൂല, കുമാരപുരം, പൊതുജനം ലെയിൻ, വികാസ് ഭവൻ, ജനറൽ ആശുപത്രി, പാറ്റൂർ, വഞ്ചിയൂർ, പേട്ട, ചാക്ക, കരിക്കകം, ശംഖുംമുഖം, വേളി എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെട്ടത്.