തിരുവനന്തപുരം : കർഷകരുടെ വീട്ടുപടിക്കൽ ആധുനിക ചികിത്സാ സംവിധാനങ്ങൾ എത്തിക്കാൻ ടെലി മെഡിസിൻ സംവിധാനങ്ങളോടെ സഞ്ചരിക്കുന്ന മൃഗചികിത്സാ യൂണിറ്റുകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജിയോഗ്രാഫിക് ഇൻഫർമേഷൻ സംയോജിപ്പിച്ച് ഉരുക്കളുടെ കാതുകളിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് യുണീക് ഐ.ഡി നമ്പർ നൽകുന്ന പദ്ധതിയും ഈ വർഷം നടപ്പാക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കർഷക അവാർഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷിമൃഗ സമ്പത്തിന്റെ സംരക്ഷണത്തിനായി രാത്രികാല അടിയന്തര വെറ്ററിനറി ചികിത്സാ സേവന പദ്ധതി എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും. കർഷകരുടെ ക്ഷേമകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. കൗൺസിലർ പാളയം രാജൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ: എം.കെ. പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: ബി. അരവിന്ദ് എന്നിവർ പങ്കെടുത്തു.