bee

വെഞ്ഞാറമൂട്: നെല്ലനാട് ഉദിമൂട് ചാവരുകാവ് ക്ഷേത്രത്തിനു സമീപം തൊഴിലുറപ്പ് ജോലിക്കിടെ ഇരുപത്തിയഞ്ച് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജോലി നടക്കുന്ന സമയത്ത് സമീപത്തെ വൻമരത്തിലെ കടന്നൽക്കൂട് പരുന്തിന്റെ ചിറകടിയിൽ തകരുകയും പറന്നുയർന്ന കടന്നലുകൾ കൂട്ടമായി തൊഴിലാളികളെ ആക്രമിക്കുകയുമായിരുന്നു. തൊഴിലാളികൾ ചിതറിയോടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. ചില‌ർക്ക് ഓട്ടത്തിനിടയിൽ വീണും പരിക്കേറ്റു. സമീപത്തുള്ള വീടുകളിൽ കയറിയാണ് പലരും രക്ഷപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പഞ്ചായത്തധികൃതരും ചേർന്ന് പരിക്കേറ്റവരെ വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർ പ്രാഥമിക ചികിത്സകൾക്ക് ശേഷം ആശുപത്രി വിട്ടു. ബാബു (70), ഷൈലാബീവി (60), ശാന്ത (54), മോളി (48), ഭാനുമതി (60) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സത്യദാസൻ (68), രാജൻ (60), സൗദാബീവി (60), ലീല (54), സുശീല (45), സരസ്വതി (48), ഇന്ദിര (52) എന്നിവർ വാമനപുരം ആശുപത്രിയിൽ ചികിത്സയിലാണ്.