ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം ഇന്ന്
ഹാമിൽട്ടണിൽ
കിവീസിന് കേൻ വില്യംസണില്ല, ഇന്ത്യയ്ക്ക്
രോഹിതും
ടിവി ലൈവ്: രാവിലെ 7.30 മുതൽ
സ്റ്റാർ സ്പോർട്സിൽ
ഹാമിൽട്ടൺ : ട്വന്റി 20 പരമ്പര 5-0 ത്തിന് തൂത്തുവാരിയതിന പിന്നാലെ ഇന്ത്യ കിവികളുടെ മണ്ണിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നു. ഇന്ന് ഹാമിൽട്ടണിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം രാവിലെ 7.30ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ ലൈവായി കാണാം.
ട്വന്റി 20 കടന്ന് ഏകദിനങ്ങളിലേക്ക് എത്തുമ്പോൾ പരിക്ക് ഇരുടീമുകൾക്കും മുട്ടൻ പണി നൽകിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് മികച്ച ഫോമിലുള്ള രോഹിത് ശർമ്മയെയാണ് നഷ്ടമായിരിക്കുന്നത്. അഞ്ചാം ട്വന്റി 20 യിൽ നായകനായി ഇറങ്ങി അർദ്ധ സെഞ്ച്വറിയടിച്ച രോഹിതിന് കാൽവണ്ണയ്ക്കേറ്റ പരിക്കാണ് വിനയായിരിക്കുന്നത് ഏകദിന പരമ്പരകളിൽ മാത്രമല്ല തുടർന്ന് നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലും രോഹിതിന് കളിക്കാനാവില്ലെന്നാണ് റിപ്പോർട്ട്.
രോഹിതിന്റെ പരിക്ക് ഇന്ത്യയുടെ ഒാപ്പണിംഗിനെ സാരമായി ബാധിക്കും. സ്ഥിരം ഒാപ്പണർമാർ രണ്ടുപേരും ഇല്ലാത്ത അവസ്ഥയാണിപ്പോൾ. ശിഖർ ധവാൻ പരിക്കുമൂലം കിവീസിലേക്ക് വന്നതേയില്ല. രോഹിതും ഇപ്പോൾ ടീമിന് പുറത്തായിരിക്കുന്നു.
ധവാന് പകരക്കാരനായി ടീമിലെത്തിയ മായാങ്ക് അഗർവാളും രോഹിതന് പകരം എത്തിയ പൃഥ്വിഷായും ചേർന്ന് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി ഒാപ്പൺ ചെയ്യുമെന്നാണ് ഇന്ത്യൻ ക്യാപ്ടൻ കൊഹ്‌ലി അറിയിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ലോകേഷ് രാഹുലിനെ പരീക്ഷിക്കുന്നത് തുടരുകയാണെങ്കൽ ഋഷഭ് പന്തിന് പുറത്തിരിക്കേണ്ടിവരും. രോഹിതിനെയും ധവാനെയും കൂടാതെ ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ദീപക് ചഹർ എന്നിവരും പരിക്കുമൂലം ഇന്ത്യൻ ടീമിലില്ല.
നായകൻ കേൻവില്യംസണിന് പരിക്ക് കാരണം അവസാന രണ്ട് ട്വന്റി 20 കളിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും വില്യംസിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വില്യംസണിന് പകരം കിവീസിനെ നയിക്കുന്നത് ടോം ലതാമാണ്. പേസർ ട്രെന്റ് ബൗൾട്ടിന് ഏകദിന പരമ്പരയിലും കളിക്കാനാവില്ല
കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ന്യൂസിലൻഡ് കളിക്കാനിറങ്ങുന്ന ആദ്യ ഏകദിനമാണിത്. ലോകകപ്പിന്റെ സെമിയിൽ ഇന്ത്യയെ പുറത്താക്കിയത് ന്യൂസിലാൻഡ് ആയിരുന്നു. ഫൈനലിൽ അവർ ഇംഗ്ളണ്ടിനോട് സൂപ്പർ ഒാവറിൽ ബൗണ്ടറിക്കണക്കിൽ തോറ്റുപോയി.
ലോകകപ്പിന് ശേഷം ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന പരമ്പരയാണിത്. നേരത്തെ വിൻഡീസിനെ അവരുടെ മണ്ണിലും ഒാസീസിനെ ഇന്ത്യൻ മണ്ണിലും തോൽപ്പിച്ചു.
ഒാപ്പണിംഗ് അരങ്ങേറ്റം
മായാങ്ക് അഗർവാളും പൃഥ്വിഷായും ഒാപ്പണിംഗിന് ഇറങ്ങുകയാണെങ്കിൽ ഏകദിനത്തിൽ അരങ്ങേറ്റത്തിന് ഇറങ്ങുന്നവരെ ഒാപ്പണിംഗ് ജോഡിയാക്കുന്നു എന്ന കൗതുകവും അരങ്ങേറും. ടെസ്റ്റ് ടീമിൽ ഒാപ്പണറായി കളിച്ചിട്ടുള്ള പൃഥ്വിഷായും മായാങ്കും ഇതുവരെ ഏകദിനത്തിൽ കളിച്ചിട്ടില്ല. 2016 ൽ സിംബാബ്‌വെയ്ക്കെതിരെ അരങ്ങേറ്റക്കാരായ കെ.എൽ. രാഹുലിനെയും കരുൺ നായരെയും ഒാപ്പണിംഗിന് ഇറക്കിയിരുന്നു. 1974 ൽ സുനിൽ ഗാവസ്കർ -സുധീർ നായ്ക്ക് ജോടിയും 1976 ൽ വെംഗ് സർക്കാർ -പാർത്ഥസാരഥി ശർമ്മ ജോടിയും അരങ്ങേറ്റ മത്സരത്തിൽ ഒാപ്പണിംഗിന് ഇറങ്ങിയിരുന്നു.
ഇന്ത്യ
കൊഹ്‌ലി (ക്യാപ്ടൻ) ,പൃഥ്വിഷാ, മായാങ്ക് , രാഹുൽ, മനീഷ്, ശ്രേയസ്, ഋഷഭ്, ശിവം ദുബെ, ജഡേജ, കുൽദീപ് , ചഹൽ, ഷമി ബുംറ, ശാർദ്ദൂൽ , സെയ്നി.
കിവീസ്
ടോം ലതാം (ക്യാപ്ടൻ), ഗപ്ടിൽ, ടെയ്‌ലർ, ഗ്രാൻഡ് ഹോം, നീഷം, യുഗെയ്‌ലിൻ, ബ്ളൻഡേൽ, നക്കോൾസ്, സാന്റനർ, ബെന്നറ്റ്, സോധി, സൗത്തീ, ജാമീസൺ, ചാപ്മാൻ.
4-1
കഴിഞ്ഞവർഷത്തെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ 4-1ന് ജയിച്ചിരുന്നു.
ട്വന്റി 20 ഫോർമാറ്റിൽ നിന്ന് ഏകദിനത്തിലേക്ക് മാറുകയാണ്. ഏകദിനത്തിൽ കിവീസിനെക്കാൾ മികച്ച ടീമാണ് ഇന്ത്യ
വിരാട് കൊഹ്‌ലി