തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്‌നേഹത്തുമ്പി' പദ്ധതിക്ക് തുടക്കമായി. തലസ്ഥാന ജില്ലയെ സമ്പൂർണ ബാലസൗഹൃദ ജില്ലയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്, ബാലാവകാശ സംരക്ഷണ സമിതി പ്രതിനിധി ഫാ. ഫിലിപ്പ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ് എന്നിവർ സംസാരിച്ചു. വിവിധ സെക്ഷനുകളിലായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പു മേധാവി ഡോ. ഇന്ദു.പി.എസ്, ഡോ. നന്ദിനി ജയചന്ദ്രൻ, ഡോ. റിയാസ്, സൈക്കോളജിസ്റ്റ് സ്മിത, ഡോ. ബെന്നറ്റ് സൈലം, ഡോ. ജോബി കോണ്ടൂർ, എസ്. താരകുമാരി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജില്ലയിലെ 988 സ്‌കൂളുകളിലായി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 578075 കുട്ടികളും 3061 അംഗൻവാടികളിലെ കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ബാല സമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ബാലാവകാശങ്ങൾ കലാകായിക മികവുകൾ, സംരക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.