തിരുവനന്തപുരം: മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാർവതി പുത്തനാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി എത്രയുംവേഗം പൂർത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വൃത്തിയാക്കുംതോറും മാലിന്യങ്ങൾ വീണ്ടും തള്ളുന്നത് അവസാനിപ്പിക്കാനായി ജനകീയപങ്കാളിത്തത്തോടെ കർമസേന രൂപീകരിക്കും. മാലിന്യം തള്ളുന്ന പ്രവണത അവസാനിപ്പിക്കാൻ പ്രദേശവാസികളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2018 ജൂണിലാണ് പാർവതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയുള്ള ശുചീകരണം പൂർത്തിയാക്കുകയും ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം കൂട്ടി ബോട്ട് ഓടിക്കുകയും ചെയ്തു. എന്നാൽ വീണ്ടും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് പിന്നീടും ശുചീകരണം നടത്തേണ്ടി വന്നു. 1.3 കോടി രൂപയാണ് രണ്ടുതവണയായി ശുചീകരണത്തിനായി ചെലവാക്കിയത്. ബോട്ട് ഗതാഗതത്തെ തടസപ്പെടുത്തുന്ന നിലയിലുള്ള കരിക്കകം, പുത്തൻപാലം, പനത്തുറ പാലങ്ങൾ ഉയരം കൂട്ടി നിർമിക്കുന്ന പ്രവർത്തനങ്ങൾ സെപ്തംബറോടെ പൂർത്തിയാക്കും. വിശദമായ പുനരുജ്ജീവന പദ്ധതി രൂപരേഖ കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.