india-u19-win
india u19 win

സെമി ഫൈനലിൽ പാകിസ്ഥാനെ 10 വിക്കറ്റിന് പറപ്പിച്ച്

ഇന്ത്യ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ

യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി (105 നോട്ടൗട്ട്), മാൻ ഒഫ് ദ മാച്ച്

പോ ഷെഫ്സ് ട്രൂം : പയ്യന്മാർ പുലിക്കുട്ടികളാണ്. ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ -19 ലോകകപ്പ് ക്രിക്കറ്റിലെ സെമിഫൈനലൽ ഇന്ത്യൻ കൗമാരപ്പടയാളികൾ ചിര വൈരികളായ പാകിസ്ഥാനെ കീഴടക്കിയത് 10 വിക്കറ്റിനാണ്. ഐ.സി.സി അണ്ടർ-19 ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടുകളുടെ ചരിത്രത്തിലെ തന്നെ ആദ്യ 10 വിക്കറ്റ് വിജയമാണ് ഇന്ത്യൻ ഇന്നലെ സ്വന്തമാക്കിയത്.

പോഷഫ്സ് ട്രൂമിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ 43.1 ഒാവറിൽ വെറും 172 റൺസിിന് ആൾ ഒൗട്ടാക്കിയ ശേഷം 35.2 ഒാവറിൽ ഒറ്റ വിക്കറ്റുപോലും കളയാതെ വിജയിക്കുകയായിരുന്നു ഇന്ത്യൻ ടീം. അപരാജിത സെഞ്ച്വറി നേടി വിജയത്തിന്റെ നട്ടെല്ലായി മാറിയ ഇന്ത്യൻ ഒാപ്പണർ യശ്വസി ജയ്‌സ്വാളാണ് (105 നോട്ടൗട്ട്) മാൻ ഒഫ് ദ മാച്ച്. സഹ ഒാപ്പണർ ദിവ്യാംഗ് സക്സേന 59 റൺസുമായി പുറത്താകാതെ നിന്നു.

‌ആദ്യ പത്തോവറിനുള്ളിൽ രണ്ട് പാക് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയ്ക്ക് അല്പമെങ്കിലും വെല്ലുവിളി ഉയർത്തിയത് മൂന്നാം വിക്കറ്റിൽ ഒാപ്പണർ ഹൈദർ അലിയും (56) ക്യാപ്ടൻ റൊഹെയ്ൽ നസീറും (62) ചേർന്ന് കൂട്ടിച്ചേർത്ത 62 റൺസാണ് എന്നാൽ 76 റൺസിനിടെ ബാക്കി എട്ടു വിക്കറ്റുകളും കൂടി പിഴുതെടുത്ത് ഇന്ത്യ പാകിസ്ഥാനെ തകർത്തു. 26 റൺസിനിടെയാണ് പാകിസ്ഥാനെ അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്.

ഒാപ്പണർ മുഹമ്മദ് ഹുറൈയെ(4) പാകിസ്ഥാന് രണ്ടാം ഒാവറിൽത്തന്നെ നഷ്ടമായിരുന്നു. സുശാന്ത് മിശ്രയാണ് ഹുറൈറയെ മടക്കിയത്. ഒൻപതാം ഒാവറിൽ രവി ബിഷ‌്ണോയ് ഫഹദ് മുനീറിനെയും (0) മടക്കി ഇതോടെ 34/2 എന്ന നിലയിലായ പാകിസ്ഥാനെ ഹൈദർ അലിയും റൊഹെയ്ൽ നസീറും ചേർന്ന് 100 ലേക്ക് എത്തിച്ചു. ഹൈദർ അലിയെ പുറത്താക്കിയ യശ്വസി ജയ്‌സ്വാളാണ് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്. തുടർന്ന് ക്വാസിം അക്രം റൺ ഒൗട്ടായത് പാകിസ്ഥാന് കനത്ത ആഘാതമായി 35-ാം ഒാവറിൽ മുഹമ്മദ് ഹാരിസ് പുറത്തായതോടെ തുരുതുരാ വിക്കറ്റുകൾ വീഴാൻ തുടങ്ങി.

ഇന്ത്യയ്ക്കുവേണ്ടി സുശാന്ത് മിശ്ര 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാർത്തിക്, ത്യാഗി, രവി ബിഷ്ണോയ് എന്നിവർ രണ്ട് വീതവും യശ്വസി ജയ്സ്വാൾ, അങ്കോലേക്കർ എന്നിവർ ഒാരോന്നുവീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യശ്വസിയും ദിവ്യംശും പതിയെയാണ് തുടങ്ങിയത്. ആദ്യ പത്തോവറിൽ 33 റൺസ് മാത്രം നേടിയ ഇന്ത്യ പിന്നീട് ഗിയർമാറ്റി 113 പന്തുകൾ നേരിട്ട യശ്വസി എട്ട് ഫോറും നാല് സിക്സുമടിച്ചു. ദിവ്യാംശ ആറു ഫോറുകൾ പറത്തി.

നാളെ ബംഗ്ളാദേശും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഒൻപതാം തീയതിയിലെ ഫൈനലിൽ ഇന്ത്യ നേരിടേണ്ടത്.

ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയപ്പോൾ എന്റെ വലിയൊരു സ്വപ്നമാണ് സഫലമായത്. ഇൗ സന്തോഷം വിവരിക്കാൻ വാക്കുകളില്ല.

യശ്വസി ജയ്സ്വാൾ

റണ്ണൗട്ട് മണ്ടത്തരം

പാകിസ്ഥാന്റെ ക്വാസിം അക്രം റൺ ഒൗട്ടായത് ഇന്നലെ കാണികളിൽ ചിരി പടർത്തി. രവി ബിഷ്ണോയി എറിഞ്ഞ 31-ാം ഒാവറിൽ കവറിലേക്ക് തട്ടിയിട്ടശേഷം ക്വാസിം റൺസിനായി ഒാടാനൊരുങ്ങി. മറുവശത്തുണ്ടായിരുന്ന റൊഹെയ്ൽ നസീർ പാതിവഴിയെത്തിയപ്പോൾ തിരിഞ്ഞോടിയപ്പോൾ ക്വാസിം പകച്ചു. പിന്നെ റൊഹെയ്ൽ ഒാടിയ ബൗളേഴ്സ് എൻഡിലേക്ക് തന്നെ ഒാടി. ഇരുവരും തമ്മിലുള്ള ഒാട്ട മത്സരത്തിൽ ആദ്യം ക്രീസിൽ ബാറ്റ് കുത്തിയത് റൊഹെയ്ൽ ആയിരുന്നു. ഇരുവരും ഒരേ വശത്ത് നിൽക്കെ പന്തുകിട്ടിയ കീപ്പർ ജുറെയ്ൽ സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു.

സ്കോർ കാർഡ്

പാകിസ്ഥാൻ 172 ആൾ ഒൗട്ട്

റൊഹെയ്ൽ 62, ഹൈദർ അലി 56

സുശാന്ത് മിശ്ര 28/3, കാർത്തിക് ത്യാഗി 32/2,

രവി ബിഷ്ണോയ് 46/2

ഇന്ത്യ 176/0

യശ്വസി ജയ്സ്വാൾ 105, ദിവ്യാംശ് സക്സേന 59.