tp-senkumar
amit sha, tp senkumar, governor, bjp,

തിരുവനന്തപുരം: പത്രപ്രവർത്തകർക്കെതിരെ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ നൽകിയ പരാതിയിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് നടപടി തുടങ്ങി. പരാതിയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നും കന്റോൺമെന്റ് പൊലീസ് ജുഡിഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
കടവിൽ റഷീദ്, പി.ജി.സുരേഷ്‌കുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, കൈയേറ്റ ശ്രമം എന്നീ ആരോപണങ്ങളാണ് സെൻകുമാർ ഉന്നയിച്ചത്. സി​റ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കോടതിയുടെ അനുമതിയോടെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയെന്നാണ് സി.ഐ അനിൽകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
തിരുവന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സെൻകുമാറിനോട് ചോദ്യം ചോദിച്ച കടവിൽ റഷീദിനോട് സെൻകുമാറും ഒപ്പമുണ്ടായിരുന്നവരും മോശമായി പെരുമാറുകയായിരുന്നു. റഷീദിന്റെ പരാതിയിൽ സെൻകുമാറും സുഭാഷ് വാസുവും അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പത്രപ്രവർത്തകർക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്റി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. പൊലീസിന്റേത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസിന്റെ തീരുമാനത്തെ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മി​റ്റി സ്വാഗതം ചെയ്തു. സമാന രീതിയിൽ കോടതി വളപ്പിലുണ്ടായ സംഭവത്തിൽ തലസ്ഥാനത്തെ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കേസും പിൻവലിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.