നാഗ്പൂർ : കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വിദർഭയ്ക്ക മാന്യമായ തുടക്കം. സീസണിലെ അവസാന മത്സരത്തിൽ ടോസ് നേടിയ കേരളത്തിന്റെ ക്യാപ്ടൻ ജലജ് സക്സേന വിദർഭയെ ബാറ്റിംഗിന ക്ഷണിക്കുകയായിരുന്നു. ആദ്യദിനം കളി നിറുത്തുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്തിട്ടുണ്ട്.
ഒാപ്പണർമാരായ ഫൈസ് ഫസലിനെയും (10), അനിരുദ്ധ ചൗധരിയെയും (0) തുടക്കത്തിലെ കേരളം മടക്കി അയച്ചിരുന്നു. രണ്ടാം ഒാവറിൽ എൻ.പി. ബേസിൽ ചൗധരിയെ പുറത്താക്കിയപ്പോൾ 11-ാം ഒാവറിൽ എം.ഡി നിതീഷാണ് ഫസലിനെ തിരിച്ചയച്ചത്. എന്നാൽ തുടർന്ന് വസീം ജാഫർ (57), ഗണേഷ് സതീഷ് (58), സിദ്ദേഷ് വാത് (43) എന്നിവർ നിലയുറപ്പിച്ചത് കേരളത്തിന് വിനയായി. കളിനിറുത്തുമ്പോൾ സർവാതേ (22) കർനേവാർ (24) എന്നിവരാണ്് ക്രീസിൽ.
കേരളത്തിനായി എം.ഡി നിതീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസിൽ രണ്ട് വിക്കറ്റും വിനൂപ് മനോഹരൻ ഒരു വിക്കറ്റും സ്വന്തമാക്കി.
വസീം @ 12000
രഞ്ജിട്രോഫിയിൽ 12000 റൺസ് തികയ്ക്കുന്ന ആദ്യ താരമായ വിദർഭയുടെ വസീം ജാഫർ ഇന്നലെ കേരളത്തിനെതിരായ മത്സരത്തിലാണ് വാസീം നാഴികക്കല്ല് താണ്ടിയത്. മുംബയ്ക്കും വിദർഭയ്ക്കുമായി 150 ലേറെ മത്സരങ്ങൾ രഞ്ജിയിൽ കളിച്ചിട്ടുള്ള താരമാണ് 42 കാരനായ വസീം.
വിദർഭയെ വീഴ്ത്തി
വനിതകൾ
ഉന: വനികളുടെ അണ്ടർ 23 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽവിദർഭയെ 92 റൺസിന് കീഴടക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 49 ഓവറിൽ 135 റൺസിന് ആൾഒൗട്ടായി. മറുപടിക്ക് ഇറങ്ങിയ വിദർഭയെ 43 റൺസിന് പുറത്താക്കിയാണ് കേരളത്തിന്റെ ജയം. ബൗളിംഗ് മികവാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. മിന്നു മണി, അനീന മാത്യൂസ്, ദർശന മോഹനൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 50 റൺസ് നേടിയ കീർത്തി കെ ജെയിംസാണ് കേരളത്തിന്റെ ടോപ് സ്കോറർ. കഴിഞ്ഞ മത്സരത്തിൽ ബറോഡയെ കേരളം തോൽപ്പിച്ചിരുന്നു. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം.