തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ ഭീതിയ്ക്ക് നേരിയ ശമനം. ഇന്നലെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി 2321പേർ വീടുകളിലും, 100പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംശയാസ്‌പദമായവരുടെ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 118 എണ്ണം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. ഇതിൽ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ വിദേശത്ത് പോകാനോ കുട്ടികളെ സ്കൂളിലേക്ക് അയക്കാനോ പാടില്ല. അവധി കഴിഞ്ഞ് വിദേശത്തെ ജോലിക്ക് കൃത്യസമയത്ത് ഹാജരാകാൻ കഴിയാത്തവരുണ്ടെങ്കിൽ സർക്കാർ നോർക്ക വഴി വിദേശകമ്പനിയെ ബന്ധപ്പെടും. നിരീക്ഷണത്തിലുള്ള വീടുകളിലെ കുട്ടികൾക്ക് സ്കൂളിൽ ഹാജർ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് രണ്ടു പേർ ആരോഗ്യവകുപ്പ് അറിയാതെ വിദേശത്ത് പോയതെങ്ങനെയെന്ന് പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നീരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിംഗ് നൽകുന്നതിനായി 191അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ഇതിനോടകം 1043 പേർക്കാണ് ഫോണിലൂടെ കൗൺസിലിംഗ് നൽകി.
നിരീക്ഷണ വലയത്തിൽ
തൃശൂരിൽ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുമായി ഇടപഴകിയ 82 പേരെ കണ്ടെത്തി. ആലപ്പുഴയിൽ 51പേരെയും കാസർകോട് 29 പേരെയും കണ്ടെത്തി നിരീക്ഷണവലയത്തിലാക്കി.
കേന്ദ്രത്തിന് സംതൃപ്തി
കൊറോണയുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ചിട്ടുള്ള നടപടികളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംതൃപ്തി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളോട് കേരളത്തിന്റെ രീതികൾ പിന്തുടരാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദ്ദേശം നൽകിയതായി നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ.രത്തൻ ഖേൽക്കർ അറിയിച്ചു.