പാറശാല: ജില്ലയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള പുരസ്കാരം കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ ജി.എം.യു.പി.എസിന് ലഭിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ച സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ പരിസരം പാഠപുസ്തകമാകണമെന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചത്. സ്കൂൾ വളപ്പാലെ 40 വർഷത്തിലേറെ വളർച്ചയുള്ള പുളി, നെല്ലി, അരണ തുടങ്ങിയ വൻമരങ്ങൾ അതേപടി നിലനിറുത്തി. പുതിയതായി മുന്നൂറോളം സസ്യങ്ങളും വച്ചുപിടിപ്പിച്ചു. ചീകിയ മുളയും ഉപയോഗം കഴിഞ്ഞ മേച്ചിലോടും ഉപയോഗിച്ച് ഭൂമിയെ വേർതിരിച്ചു. ഔഷധസസ്യങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ തുടങ്ങിയവയെല്ലാം സ്കൂൾ വളപ്പിൽ നട്ടുവളർത്തി. പരിസ്ഥിതി - കാർഷിക ക്ലബ്ബുകളിലെ വിദ്യാർത്ഥികളെ പല ഗ്രൂപ്പുകളാക്കി ഉദ്യാനത്തിന്റെ പരിപാലന ചുമതല നൽകി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജൈവ വൈവിധ്യ ബോർഡ്, സാമൂഹ്യ വനം വകുപ്പുകളിലെ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ച് ഉദ്യാനത്തെ വിലയിരുത്തി. പ്രധാന അദ്ധ്യാപിക എ.എസ്. ജയശ്രീ, ക്ലബ് കൺവീനർ ബി.ആർ. സിന്ധു, സ്റ്റാഫ് സെക്രട്ടറി പി. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.പി. കുഞ്ഞുമോൻ, ബി.ആർ.സി പരിശീലകൻ ആർ.എസ്. ബൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ വളപ്പിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയത്.