ponmudi-1

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ 'ജാക്ക് വൺ' എന്ന പേരിലറിയപ്പെടുന്ന പൊന്മുടിയിലെ വയർലസ് സ്റ്റേഷനു സമീപം തീപിടിത്തം. അപ്പർ സാനറ്റോറിയം മേഖലയിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടുത്തത്തിൽ പത്തേക്കറോളം പുൽമേടും അടിക്കാടും കത്തിനശിച്ചു. വയർലസ് കേന്ദ്രത്തിനു സമീപംവരെ തീ പടർന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഉച്ച സമയമായതിനാൽ തീ വളരെ വേഗം വ്യാപിക്കുകയായിരുന്നു. വിതുരയിൽ നിന്നും ഫയർഫോഴ്‌സ് എത്തി പൊന്മുടി പൊലീസിന്റെയും വനംവകുപ്പ് അധികാരികളുടെയും സഹായത്തോടെ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ അണച്ചത്. കുന്നിനു മുകളിലേക്ക് ഫയർഫോഴ്സിന്റെ വാഹനം എത്താത്തതും തിരിച്ചടിയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ പടർന്നതോടെ സംഭവസമയത്ത് മലമുകളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ മലയിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വയർലസ് സന്ദേശം കൈമാറുന്നത് പൊൻമുടിയിലെ ജാക്ക് വൺ വയർലസ് സ്റ്റേഷനിൽ നിന്നാണ്. പുറത്തുനിന്നുള്ള ആർക്കും പ്രവേശനമില്ലാത്ത ഇവിടെ സായുധ പൊലീസിന്റെ കാവലുണ്ട്. കഴിഞ്ഞ വർഷവും ജനുവരി മാസത്തിൽ പൊന്മുടിയിൽ തീ പിടിത്തം ഉണ്ടായിരുന്നു. അന്ന് ഏക്കർ കണക്കിന് വനഭൂമി കത്തിനശിച്ചു. വയർലെസ് സ്റ്റേഷന് സമീപം വരെ തീ പടർന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പൊന്മുടി സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.